ധാക്ക / ന്യൂഡൽഹി: ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തിനും രാഷ്ട്രീയ സംഭവവികാസങ്ങൾക്കുമിടെ വ്യാജ വാർത്തകളും കളം നിറയുകയാണ്. ബംഗ്ലാദേശിലെ ഒരു കെട്ടിടത്തിന് തീപിടിച്ച ദൃശ്യങ്ങൾ ഹിന്ദു ക്ഷേത്രത്തിന് തീവെച്ചെന്ന രീതിയിലാണ് ഇന്ത്യയിലെ മാധ്യമങ്ങളടക്കം പ്രചരിപ്പിക്കുന്നതെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സീ ന്യൂസ് മധ്യപ്രദേശ് - ഛത്തീസ്ഗഢ്, ന്യൂസ് 24 എന്നിവരെല്ലാം ഹിന്ദു ക്ഷേത്രം തീവെച്ച് നശിപ്പിച്ചു എന്ന രീതിയിലാണ് റിപ്പോർട്ട് ചെയ്തത്.
ഇതേറ്റുപിടിച്ച് സമൂഹമാധ്യമങ്ങളിൽ ഹിന്ദുത്വവാദികൾ രംഗത്തെത്തി. ഹിന്ദു വോയ്‌സ്, റാൻഡം സേന തുടങ്ങിയ എക്സിലെ അക്കൗണ്ടുകൾ, ഈ വാർത്തകളും ദൃശ്യങ്ങളും പങ്കിടുകയും ഇസ്ലാമിസ്റ്റുകൾ ഹിന്ദു തീയിട്ടതാണെന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തു.
എന്നാൽ, സമൂഹമാധ്യമങ്ങളിൽ വൈറലായ തീവെച്ച് നശിപ്പിക്കപ്പെട്ട കെട്ടിടം ഹിന്ദു ക്ഷേത്രമല്ലെന്നും ബംഗ്ലാദേശിലെ സത്ഖിരയിലെ ഒരു റെസ്റ്റൊറന്‍റ് ആണെന്നും ബംഗ്ലാദേശി ഫാക്ട് ചെക്ക് പരിശോധകൻ ഷൊഹനൂർ റഹ്മാൻ ട്വീറ്റ് ചെയ്തു. രാജ് പ്രസാദ് കോഫി ഷാപ്പ്, രേഖാചിത്രം എന്ന പേരിൽ സ്ക്രീൻഷോട്ടുകൾ അദ്ദേഹം ഷെയർ ചെയ്തതായി ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കലോറ സ്പീച്ച് എന്ന് ബംഗ്ലാദേശിൽനിന്നുള്ള വെബ്സൈറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
Fake Alert❌
— Shohanur Rahman (@Sohan_RSB) August 6, 2024
This isn't a temple, it's actually a restaurant in Satkhira. pic.twitter.com/wmfYZ0fknO
മാത്രമല്ല, പ്രസ്തുത റെസ്റ്റൊറന്‍റിനെക്കുറിച്ചുള്ള നിരവധി വ്ലോഗുകൾ യുട്യൂബിലും ലഭ്യമാണ്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന്‍റെ യുവജന വിഭാഗമായ ജൂബോ ലീഗിന്‍റെ നേതാവായ കാസി അസദുജ്ജമാൻ ഷഹ്‌സാദയുടെ ഉടമസ്ഥതയിലുള്ളതാണ് റെസ്റ്റൊറന്‍റ് എന്നും ആൾട്ട് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.