ലണ്ടൻ: മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്സായ് തന്‍റെ വിവാഹ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മാലോകരെ അറിയിച്ചത്. ബർമിങ്ഹാമിലെ വീട്ടിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
ജീവിതത്തിൽ സ്നേഹിക്കുന്ന ഒരു വ്യക്തി ഉണ്ടായിരിക്കണമെങ്കിൽ വിവാഹ കരാറിൽ ഒപ്പുവെക്കുന്നത് എന്തിനാണെന്നായിരുന്നു മുമ്പ് ഒരു അഭിമുഖത്തിൽ മലാല ചോദിച്ചത്. ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാൻ ഒരു കരാറിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞ മലാലയുടെ മനം കവർന്ന അസർ മാലിക്കിനെ കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമത്തിലായിരുന്നു നെറ്റിസൺസ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെ ഹൈ പെർഫോമൻസ് സെന്‍റർ ജനറൽ മാനേജരാണ് അസർ. 2020 മേയിലാണ് അസർ പി.സി.ബിയുടെ ഒപ്പം ചേർന്നത്. 2019 ജൂൺ 23ന് മലാല, പാകിസ്താൻ മുൻ ക്രിക്കറ്റർ വഖാൻ യൂനിസ് എന്നിവർക്കൊപ്പം ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്നെടുത്ത ചിത്രം അസർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
അമച്വർ ലീഗിലും പാകിസ്താൻ സൂപ്പർ ലീഗിലും പ്രവർത്തിച്ചിട്ടുണ്ട്. 'ലാസ്റ്റ് മാൻ സ്റ്റാൻഡ്സ്' ഫ്രാഞ്ചൈസിയുടെ പാകിസ്താനിലെ ഉടമയാണ് അസർ. 2012ൽ ലാഹോർ യൂനിവേഴ്സിറ്റി ഓഫ് മാനേജ്മെന്‍റ് സയൻസസിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി. 'ഡ്രാമലൈൻ' എന്ന തിയറ്റർ പ്രൊഡക്ഷൻസ് സംഘടനയുടെ പ്രസിഡന്‍റ് കൂടിയാണ് അസർ.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാലക്ക് 2012 ഒക്ടോബറിലാണ് താലിബാന്‍റെ വെടിയേറ്റത്. മരണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട മലാലയും കുടുംബവും തുടർചികിത്സക്കും മറ്റുമായി ഇംഗ്ലണ്ടിലേക്ക് താമസം മാറി.
16ാം വയസിൽ തുല്യവിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ചു ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2014ൽ 17ാമത്തെ വയസിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി. കഴിഞ്ഞ വർഷം ജൂണിൽ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ ബിരുദം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.