തന്നെ വീണ്ടും തട്ടിക്കൊണ്ടു പോകാൻ സാധ്യതയുണ്ടെന്ന് വജ്ര വ്യാപാരി മെഹുൽ ചോക്സി. ഗയാനയിലേക്ക് തട്ടിക്കൊണ്ടു പോകാനാണ് സാധ്യത. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നും 13,500 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ചോക്സി. തട്ടിപ്പിനെ തുടർന്ന് രാജ്യം വിട്ടിരുന്നു.
നിലവൽ താൻ അന്‍റിഗ്വയിലെ വസതിയിലാണെന്നും ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും പറഞ്ഞ ചോക്സി, ഇന്ത്യയിൽ നിന്നും നേരിട്ട അനുഭവങ്ങൾ തനിക്ക് ഭയപ്പെടുത്തുന്ന ഓർമ്മകൾ ആണെന്നും പറഞ്ഞു. കഴിഞ്ഞമാസങ്ങളിൽ നേരിടേണ്ടി വന്ന അനുഭവങ്ങളിൽ നിന്നുണ്ടായ മാനസിക സംഘർഷത്തിന്‍റെ അളവ് കുറക്കാൻ താൻ ശ്രമിക്കുകയാണെന്നും ഡോക്ടറുടെ നിർദേശമനുസരിച്ച് വീട് വിട്ടു പോകാൻ കഴിയില്ലെന്നും ചോക്സി പറഞ്ഞു.
അഭിഭാഷകർ തനിക്കുവേണ്ടി അന്‍റിഗ്വയിലും ഡോമനിക്കയിലും ഉള്ള കേസുകൾ വാദിക്കുകയാണെന്നും അതിൽ താൻ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ചോക്സി അഭിമുഖത്തിൽ പറഞ്ഞു. അവസാനം സത്യം വിജയിക്കുമെന്ന വിശ്വാസമുണ്ടെന്നും കോമൺവെൽത്ത് രാജ്യങ്ങളിലെ നിയമങ്ങളിൽ വിശ്വാസമുണ്ടെന്നും ചോക്സി പറഞ്ഞു. ഈ വർഷം മെയ് 23നാണ് ചോക്സി അന്‍റിഗ്വയിൽ നിന്ന് കാണാതായത്. അനധികൃതമായി ഡോമനിക്കയിൽ പ്രവേശിച്ചതിന് ഡോമനിക്കയിൽ പിടിയിലായ ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് ആരോഗ്യ കാരണങ്ങൾ മുൻ നിർത്തി ജുലൈ 12ന് ഡോമനിക ഹൈകോടതി ചോക്സിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.