കാബൂൾ: 'ട്രക്കിന്‍റെ ടയർ പൊട്ടിത്തെറിക്കുന്നതുപോലുള്ള വൻ ശബ്ദമായിരുന്നു അത്. എന്താണെന്നറിയാൻ ടെറസിലേക്ക് ഒാടിയെത്തിയപ്പോൾ കണ്ടത് ചിതറിയ രണ്ട് മൃതദേഹങ്ങളായിരുന്നു..' - ഇനിയും ഞെട്ടൽ മാറാത്ത കാബൂൾ സ്വദേശിയായ 49 കാരനായ വാലി സലേഖ് തിങ്കളാഴ്ചയുണ്ടായ അനുഭവം വിവരിച്ചു.
കാബൂളിലെ തന്‍റെ വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്നു സുരക്ഷാ ജീവനക്കാരനായി ജോലിചെയ്യുന്ന വാലി സലേഖും ഭാര്യയും. അപ്പോഴാണ് ടെറസിൽ നിന്ന് വൻശബ്ദം കേൾക്കുന്നത്. സലേഖും ഭാര്യയും ടെറസിലേക്ക് ഒാടിയെത്തി. ചിതറിയ ദേഹങ്ങൾ കണ്ട് ഭാര്യ ബോധംകെട്ട് വീണു.
താലിബാന്‍റെ വരവോടെ ഭയചകിതരായ നിരവധി പേരാണ് കാബൂൾ വിമാനതാവളത്തിൽ തിരക്കു കൂട്ടിയിരുന്നത്. എങ്ങനെയും അഫ്ഗാൻ വിടുക എന്നതായിരുന്നു വിമാനതാവളത്തിൽ എത്തിയവരുടെ ലക്ഷ്യം. തിക്കിലും തിരിക്കിലും പെട്ട് ചുരുങ്ങിയത് അഞ്ചു മരണങ്ങൾ സംഭവിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാബൂളിൽ നിന്ന് പറന്നുപൊങ്ങിയ വിമാനത്തിൽ അള്ളിപിടിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച രണ്ടു പേരാണ് സലേഖിന്‍റെ ടെറസിലേക്ക് വീണത്. വിമാനത്തിൽ നിന്ന് രണ്ട് പേർ വീഴുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഇവരെ കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.
30 ൽ താഴെ മാത്രം പ്രായമുള്ള രണ്ട് പേരാണ് വിമാനത്തിൽ നിന്ന് വീണു മരിച്ചത്. അതിലൊരാൾ ഡോക്ടറാണ്. ഇവരുടെ പോക്കറ്റിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റുകളിൽ നിന്നാണ് ആളുകളെ തിരിച്ചറിഞ്ഞത്. ഡോ. സഫിയുള്ള ഹോത്ത, ഫിദാ മുഹമ്മദ് എന്നിവരാണ് വിമാനത്തിൽ അള്ളിപിടിച്ച് യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെ താഴെ വീണ് ദാരുണമായി മരിച്ചത്.
'മൃതശരീരങ്ങള്‍ ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ തുണി കൊണ്ടുവന്നു മൂടി. പിന്നീട് ബന്ധുക്കളെയും അയൽവാസികളെയും വിളിച്ചുകൂട്ടി മൃതദേഹങ്ങള്‍ അടുത്തുള്ള പള്ളിയില്‍ എത്തിച്ച് സംസ്കരിച്ചു'- വാലി സലേഖ് പറഞ്ഞു.
വിമാനത്താവളത്തില്‍നിന്നു നാല് കിലോമീറ്റര്‍ ദൂരത്തിലാണ് വാലിയുടെ വീട്. രണ്ടു പേരുടെ വീഴ്ചയില്‍ ടെറസിന്‍റെ ഒരു ഭാഗവും തകര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.