കീറ്റോ: എക്വഡോറുമായുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിച്ച് മെക്സികോ. കീറ്റോവിലെ മെക്സിക്കൻ എംബസിയിൽ പൊലീസ് അതിക്രമിച്ചുകയറി അവിടെ രാഷ്ട്രീയ അഭയം തേടിയിരുന്ന എക്വഡോർ മുൻ വൈസ് പ്രസിഡന്റ് ജോർജ് ഗ്ലാസിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടപടി. രണ്ടുതവണ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഗ്ലാസ് എക്വഡോർ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഡിസംബർ മുതൽ മെക്സിക്കൻ എംബസിയിൽ കഴിഞ്ഞുവരുകയായിരുന്നു.
ഗ്ലാസിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്തിരുന്നതായും രാജ്യത്തിന് പുറത്തുകടക്കാൻ സുരക്ഷിത പാതയൊരുക്കാൻ എക്വഡോറിനോട് ആവശ്യപ്പെട്ടിരുന്നതായും മെക്സിക്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ഹെൽമറ്റും ധരിച്ചെത്തിയ പ്രത്യേക സൈന്യം വെള്ളിയാഴ്ച രാത്രി ബലം പ്രയോഗിച്ച് എംബസിയിലേക്ക് ഇരച്ചുകയറി ഗ്ലാസിനെ അറസ്റ്റുചെയ്യുകയായിരുന്നു. അതേസമയം, എക്വഡോർ ഒരു പരമാധികാര രാജ്യമാണെന്നും ഒരു കുറ്റവാളിയെയും വെറുതെവിടില്ലെന്നും റെയ്ഡിന് മുന്നോടിയായി പ്രസിഡന്റ് പ്രസ്താവിച്ചിരുന്നു. എന്നാൽ, എംബസിയിലേക്ക് അതിക്രമിച്ചുകയറിയ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മെക്സിക്കോയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.