ബമാകോ: അട്ടിമറിയെ തുടർന്ന് തടവിലാക്കിയ മാലി പ്രസിഡൻറിനെയും പ്രധാനമന്ത്രിയെയും പട്ടാളം വിട്ടയച്ചു. ഉന്നത പട്ടാള ഉദ്യോഗസ്ഥനാണ് വ്യാഴാഴ്ച വിട്ടയച്ച വാർത്ത പുറത്തുവിട്ടത്. പ്രസിഡൻറ് ബാഹ് എൻതോ, പ്രധാനമന്ത്രി മുക്താർ ഔന എന്നിവരെ വിട്ടയച്ചതായി പട്ടാള മേധാവിയുടെ ഉപദേശകൻകൂടിയായ മേജർ ബാബാ സിസെ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. രാജിവെക്കാൻ സന്നദ്ധരായതിനെ തുടർന്നാണ് ഇരുവർക്കും മോചനം നൽകിയതെന്നാണ് വിവരം.
മാലിയിൽ ജനകീയ സർക്കാറിനെ അട്ടിമറിച്ച് അധികാരം കൈക്കലാക്കിയ പട്ടാളനടപടിയെ അപലപിച്ച് യുനൈറ്റഡ് നേഷൻ സുരക്ഷാ കൗൺസിൽ അടക്കം വിവിധ അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. പ്രസിഡൻറ്, പ്രധാനമന്ത്രി, മറ്റ് തടവിലുള്ളവർ എല്ലാവരെയും മോചിപ്പിക്കണമെന്നും യു.എൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഒരു വർഷത്തിനിടെ ഇത് രണ്ടം തവണയാണ് പട്ടാള നേതാവ് കേണൽ അസീമി ഗോയ്തയുടെ നേതൃത്വത്തിൽ രാജ്യത്ത് അട്ടിമറി നടക്കുന്നത്. പ്രധാനമന്ത്രി, പ്രസിഡൻറ്, പ്രതിരോധമന്ത്രി എന്നിവരെയടക്കം വിവിധ നേതാക്കളെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കുകയായിരുന്നു.
പ്രസിഡൻറ് ബാഹ് എൻതോ കഴിഞ്ഞ ദിവസം അസീമി ഗോയ്തക്ക് രാജി സമർപ്പിച്ചിരുന്നു. പ്രധാനമന്ത്രി മുക്താർ ഔനയെ പുറത്താക്കിയതായി പ്രഖ്യാപിച്ചതിന് ശേഷമാണ് രാജി നൽകിയത്. അടുത്ത വർഷം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നാണ് അസീമി അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.