തായ്‌പേയ്: കോവിഡ് മഹാമാരി കാരണം കഷ്ടത അനുഭവിക്കുന്ന ഇന്ത്യൻ ജനതക്ക് സഹായവുമായി കൂടുതൽ രാജ്യങ്ങൾ എത്തുന്നു. തായ്വാനാണ് ഇൗ പട്ടികയിൽ ഒടുവിൽ ഇടംപിടിച്ച രാജ്യം.
അടുത്ത ദിവസങ്ങളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്ന് തായ്‌വാൻ ഉറപ്പുനൽകി. 'ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു ഉപകരണങ്ങളും ഉൾപ്പെടുന്ന ഞങ്ങളുടെ ആദ്യത്തെ കയറ്റുമതി ഈ ആഴ്ച അവസാനിക്കുന്നതിന് മുമ്പ് ചൈന എയർലൈൻസ് വിമാനത്തിൽ പുറപ്പെടുമെന്ന് തായ്‌വാൻ ഉപ വിദേശകാര്യ മന്ത്രി മിഗുവൽ സാവോ അറിയിച്ചു.
കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണക്കാൻ തായ്‌വാൻ പ്രതിജ്ഞാബദ്ധരാണ്. വരുംദിവസങ്ങളിൽ കൂടുതൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ തായ്‌വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു, ഇന്ത്യ ^ തായ്‌പേയ് അസോസിയേഷൻ ഡയറക്ടർ ജനറൽ ഗൗരംഗലാൽ ദാസിന് കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. മെഡിക്കൽ ഉപകരണങ്ങൾ വേഗത്തിൽ വിതരണം ചെയ്യാനായി മന്ത്രാലയം പ്രാദേശിക കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളാണ് ഇന്ത്യയെ സഹായിക്കാനായി രംഗത്തുവന്നിട്ടുള്ളത്. 120 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ബ്രിട്ടനിൽനിന്ന് വ്യാഴാഴ്ച രാവിലെ ഇന്ത്യയിലെത്തി. ഒരു മിനുറ്റിൽ 500 ലിറ്റർ ശേഷിയുള്ള മൂന്ന് ഓക്സിജൻ ഉൽപ്പാദന യൂനിറ്റുകൾ അയക്കുമെന്നും ബ്രിട്ടൻ അറിയിച്ചുണ്ട്.
ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളുമായി റഷ്യയിൽനിന്ന് രണ്ട് വിമാനങ്ങളും ഇന്ത്യയിലെത്തി. ഇത് കൂടാതെ കഴിഞ്ഞദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ നിരവധി സഹായങ്ങളാണ് ഇന്ത്യയെ തേടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.