യു.കെയിൽ പ്രധാനമന്ത്രിയുടെ സ്ഥാനത്തിന് ഇളക്കം; രാജി പ്രഖ്യാപിച്ച ചീഫ് വിപ്പിനെ തിരിച്ചെടുത്ത് ലിസ് ട്രസ്

ലണ്ടൻ: ബ്രിട്ടനിൽ മന്ത്രിയെ പുറത്താക്കിയതിനു പിന്നാലെ പ്രധാനമന്ത്രി ലിസ് ട്രസിന്റെ സീറ്റിന് ഇളക്കം. പ്രധാനമന്ത്രിയെ പുറത്താക്കുന്നതു സംബന്ധിച്ച് എം.പിമാർ തമ്മിൽ ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ. പാറ കുഴിച്ച് ഇന്ധനങ്ങൾ കണ്ടെത്തുന്ന ഫ്രാക്കിങ്ങ് നടത്തണമെന്നതു സംബന്ധിച്ച് പാർലമെന്റിൽ നടത്തിയ വോട്ടെടുപ്പ് വ്യാപകമായ അരാജകത്വത്തിലേക്കാണ് നയിച്ചത്. സർക്കാറിനെതിരെ വോട്ടുചെയ്യുന്നവരെ പുറത്താക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയതായി ആരോപണമുയർന്നു. എന്നാൽ സർക്കാറിനെതിരെ വോട്ട് ചെയ്ത 40 വിമതരെ ഒഴിവാക്കുന്നത് ഭൂരിപക്ഷം നഷ്ടപ്പെടുത്തുമെന്നതിനാൽ അതിന് മുതിരില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, സർക്കാരിനെതിരെ വോട്ട് ചെയ്ത എം.പിമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറി വ്യാഴാഴ്ച പുലർച്ചെ പ്രസ്താവനയിൽ അറിയിച്ചു.

ഗ്യാസ് ഫ്രാക്കിംഗ് പുനരാരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ വിവാദ പദ്ധതിയാണ് വിമർശനത്തിനിടയാക്കിയത്. ഹരിത അജണ്ടയെ പ്രോത്സാഹിപ്പിക്കാതെ ഊർജ സുരക്ഷ വർധിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് പദ്ധതി ഊന്നൽ നൽകുന്നത്. പദ്ധതി വോട്ടിനിട്ടതിനിടെ, ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രേവർമാനെ പുറത്താക്കി, ട്രസിനെ പുറത്താക്കാൻ പരസ്യമായി ശ്രമിച്ചിരുന്ന ഗ്രാന്റ് ഷാപ്‌സിനെ പകരം നിയമിച്ചു. ഈ നടപടി പ്രധാനമന്ത്രി എല്ലാവർക്കും അതീതയാ​ണെന്ന തോന്നലാണ് എം.പിമാരിൽ ഉളവാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയെ പ്രതിരോധിക്കേണ്ടിവരുന്നവർ അപമാനിതരാവുകയാണെന്നും ലിസ് ട്രസിന്റെത് അപക്വമായ നടപടിയാണന്നും എം.പിമാർ ആരോപിച്ചു.

വോട്ടെടുപ്പിൽ 230നെതിരെ 326 വോട്ടുകൾ നേടി പദ്ധതി പാസായി. അതിനിടെ, എം.പിമാർ വോട്ട് രേഖപ്പെടുത്താൻ തയാറെടുത്തപ്പോൾ, ട്രസിന്റെ ഉന്നത പാർലമെന്ററി എൻഫോഴ്‌സറായ ചീഫ് വിപ്പ് വെൻഡി മോർട്ടൺ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. മോർട്ടന്റെ ഡെപ്യൂട്ടി, ക്രെയ്ഗ് വിറ്റ്ക്കറും രാജി പ്രഖ്യാപിച്ചു. എന്നാൽ വോട്ടിങ് നടക്കുന്ന ഇടത്തു നിന്ന് ​ലിസ് ട്രസ് മോർട്ടന്റെ ​കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയെന്ന് ചില എം.പിമാർ പറഞ്ഞു. പിന്നീട് മോർട്ടനും ക്രെയ്ഗ് വിറ്റ്ക്കറും തസ്‌തികയിൽ തുടരുമെന്ന് ട്രസിന്റെ ഓഫീസ് പിന്നീട് അറിയിക്കുകയായിരുന്നു.

ബാലറ്റുകൾ എണ്ണിയ സമയത്തും അതിനുശേഷവും, വിമതരെ സർക്കാർ സഹായികൾ പിടിച്ചുവെച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അതേസമയം, സർക്കാറിനനുകൂലമായി വോട്ടു ചെയ്യാൻ എം.പിമാരെ ഭീഷണി​പ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ഉണ്ടായെന്ന് ലേബർ എം.പി ക്രിസ് ബ്രയന്റ് ആരോപിച്ചു. മന്ത്രിമാരായ തെരേസ് കോഫിയെയും ജേക്കബ് റീസ്-മോഗിനെയും ആക്രമിച്ചത് താൻ കണ്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആ​​രോപണം. എന്നാൽ ആരോപണങ്ങളെ തള്ളി റീസ്-മോഗ് രംഗത്തെത്തി. തന്നെ ആരും നിർബന്ധിച്ചിട്ടല്ലെന്ന് അദ്ദേഹം പറഞ്ഞു.

ലിസ് ട്രസ് എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന് ട്രസിന്റെ പിന്തുണക്കാരനായ ഡേവിഡ് ഫ്രോസ്റ്റ് ടെലിഗ്രാഫ് പത്രത്തിൽ എഴുതി. യു.കെയിലെ ഗ്രേറ്റ് ഓഫീസ് ഓഫ് സ്‌റ്റേറ്റിന്റെ രണ്ടാമത്തെ ഉടമയായ ​ബ്രേവർമാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്രസ്സിനുള്ള കത്തിൽ, പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചു. 'ഞങ്ങൾ തെറ്റുകൾ ചെയ്തിട്ടില്ലെന്ന് നടിക്കുക, ചെയ്ത തെറ്റ് ആർക്കും കാണാൻ കഴിയില്ലെന്ന മട്ടിൽ തുടരുക, കാര്യങ്ങൾ മാന്ത്രികമായി ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നത് ശരിയായ രാഷ്ട്രീയമല്ല' അവർ പറഞ്ഞു.

2025 ജനുവരിയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രസിനെ ഇ​പ്പോൾ തന്നെ സ്ഥാനത്തു നിന്ന് നീക്കണോ എന്നതാണ് കൺസർവേറ്റീവ് എംപിമാർ നേരിടുന്ന ഏറ്റവും വലിയ ചോദ്യം. പൊതുതെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കാൻ ട്രസിനെ അനുവദിക്കേണ്ടതില്ലെന്ന അഭിപ്രായത്തിൽ യോജിപ്പുണ്ടെങ്കിലും പകരം ആരെന്ന കാര്യത്തിൽ ഭിന്നതയുണ്ട്.

Tags:    
News Summary - More Liz Truss Drama: When Chief Whip Quit, "She Took Her By Arm And..."

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.