ജറൂസലം: അധിനിവേശം വ്യാപിപ്പിക്കാനുള്ള ഗൂഢ ശ്രമത്തിനെതിരെ മസ്ജിദുൽ അഖ്സയിൽ പ്രതിഷേധവുമായി സംഘടിച്ച ഫലസ്തീനികൾക്കുനേരെ രണ്ടാം ദിനവും ഇസ്രായേൽ പൊലീസ് അതിക്രമം. റമദാനിലെ 27ാം രാത്രിയിൽ പള്ളിയിൽ തടിച്ചുകൂടിയവർക്കു നേരെയുണ്ടായ പോലീസ് ആക്രമണങ്ങളിൽ 60ലേറെ പേർക്ക് പരിക്കേറ്റു.
മസ്ജിദുൽ അഖ്സ സ്ഥിതി ചെയ്യുന്ന ജറൂസലം പഴയ പട്ടണം ഉപരോധിച്ച് പൊലീസ് ഒരുക്കിയ ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർക്കു നേരെ ഇസ്രായേൽ സുരക്ഷാസേന ജല പീരങ്കിയും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. 64 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രസന്‍റ് അറിയിച്ചു. ഒരു ഓഫീസർക്ക് പരിക്കേറ്റതായി ഇസ്രായേൽ പൊലീസും അറിയിച്ചു. കഴിഞ്ഞ ദിവസം മസ്ജിദുൽ അഖ്സയിൽ ഇരച്ചുകയറിയ ഇസ്രായേൽ സേന നടത്തിയ അതിക്രമങ്ങളിൽ 200ലേറെ പേർക്ക് പരിക്കേറ്റിരുന്നു.
കിഴക്കൻ ജറൂസലം സമ്പൂർണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്‍റെ ഭാഗമായി ഇവിടെയുള്ള നാട്ടുകാരായ ഫലസ്തീനി താമസക്കാരെ കുടിയിറക്കുന്നതിനെതിരെയാണ് പ്രക്ഷോഭം ശക്തമാക്കിയത്. മസ്ജിദിന് ഒരു കിലോമീറ്റർ പരിധിയിലുള്ള ശൈഖ് ജർറാഹ് പ്രദേശത്താണ് കൂട്ട കുടിയിറക്കൽ. ഇവിടെയുള്ള താമസക്കാർക്ക് ഐക്യദാർഢ്യമറിയിച്ച് ഫലസ്തീനികൾ വ്യാപകമായി സംഘടിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി നമസ്കാരത്തിനിടെയുണ്ടായ സംഘട്ടനങ്ങളിൽ 205 ഫലസ്തീനികൾക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.