റബാത്ത്: വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ പിടിച്ചുലച്ച ഭൂകമ്പത്തിൽ ആയിരത്തിലേറെ പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ലോകത്തെ നടുക്കിയ ദുരന്തം. ഭൂകമ്പത്തിൽ അറ്റ്ലസ് പർവത മേഖലയിലെ നിരവധി കെട്ടിടങ്ങൾ തകർന്നു. ചരിത്രനഗരമായ മറാകിഷിൽ കാര്യമായ നാശമുണ്ടായി. മരണസംഖ്യ ഉയർന്നേക്കാമെന്ന ആശങ്കയുണ്ട്. ദുരന്തപ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിനായി എത്താൻ അധികൃതർ പ്രയാസപ്പെടുകയാണ്.
മറാകിഷിനും സമീപത്തുള്ള അഞ്ച് പ്രവിശ്യകളിലുമുള്ളവരാണ് മരിച്ചത്. ആയിരത്തോളം പേർക്ക് പരിക്കുണ്ട്. 205 പേരുടെ പരിക്ക് ഗുരുതരമാണ്. പ്രാദേശിക സമയം രാത്രി 11.11നാണ് റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇത് നിരവധി സെക്കന്റുകൾ നീണ്ടു. 19 മിനിറ്റിനുശേഷം 4.9 രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി. അൽഹോസ് പ്രവിശ്യയിലെ ഇഗിൽ പട്ടണത്തിനടുത്താണ് പ്രഭവകേന്ദ്രം. ഇത് മറാകിഷിന് 70 കിലോമീറ്റർ തെക്കാണ് സ്ഥിതി ചെയ്യുന്നത്. ഭൗമോപരിതലത്തിൽനിന്ന് 18 കിലോമീറ്റർ ഉള്ളിലായാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ഭൗമശാസ്ത്ര ഏജൻസി അറിയിച്ചു. ഉപരിതലത്തിൽനിന്ന് 11 കിലോമീറ്റർ ഉള്ളിലായാണ് പ്രഭവകേന്ദ്രമെന്നാണ് മൊറോക്കോ അധികൃതർ പറയുന്നത്.
ഉറക്കത്തിനിടെ അനുഭവപ്പെട്ട ഭൂകമ്പത്തെ തുടർന്ന് ഞെട്ടിയുണർന്ന ജനം വീടിന്റെ പുറത്തേക്കോടി. പാതിരാത്രി ചകിതരായ ആൾക്കൂട്ടം തെരുവിൽ തടിച്ചുകൂടി. പലരും വീട്ടിലേക്ക് മടങ്ങാൻ ഭയന്നു. കെട്ടിടം തകർന്നാലോ എന്ന് അവർ ഭയന്നു. ചിലയിടങ്ങളിൽ വൈദ്യുതിയില്ല. പലയിടത്തും റോഡുകൾ തകർന്നു.മറാകിഷിൽ 12ാം നൂറ്റാണ്ടിൽ നിർമിച്ച പ്രശസ്തമായ കൗതൗബിയ പള്ളിക്ക് കേടുപറ്റിയിട്ടുണ്ട്. നഗരത്തിലെ ചരിത്ര പ്രസിദ്ധമായ ‘ചുകന്ന മതിലുകൾ’ക്കും കേടുപറ്റി. ഇതിന്റെ ദൃശ്യങ്ങൾ ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ പെടുത്തിയതാണ് മതിൽ.
ആംബുലൻസുകൾക്ക് പോകാനും മറ്റുമായി അൽഹൂസ് പ്രവിശ്യയിലുള്ള റോഡുകളിലെ തടസ്സം നീക്കാൻ ശ്രമിക്കുകയാണെന്ന് തലത്ത് എൻയാഖൂബ് നഗരത്തിന്റെ മേയർ അബ്ദുറഹീമെയ്ത് ദാവൂദ് പറഞ്ഞു. പർവത ഗ്രാമങ്ങൾ തമ്മിൽ വലിയ ദൂരമുള്ളതിനാൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്താൻ പ്രയാസപ്പെടുകയാണ്. മൊറോക്കോ സൈന്യവും അടിയന്തര സേവന വിഭാഗവും റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാൽ ഗ്രാമങ്ങളിലെത്താനാകാതെ നിൽക്കുകയാണ്. ഇത് രക്ഷാപ്രവർത്തനത്തെ മന്ദഗതിയിലാക്കി.
മൊറോക്കോ ഭൂകമ്പത്തിൽ ലോക രാജ്യങ്ങൾ ദുഃഖം രേഖപ്പെടുത്തി. നിരവധി രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മൊറോക്കോ സർക്കാർ ഇതുവരെ ഔദ്യോഗികമായി വിദേശരാജ്യങ്ങളുടെ സഹായം തേടിയിട്ടില്ല. ഔദ്യോഗിക അഭ്യർഥനയുണ്ടായാൽ മാത്രമേ പുറമെ നിന്നുള്ള സഹായങ്ങൾ എത്തിത്തുടങ്ങൂ. വെള്ളിയാഴ്ചത്തെ മൊറോക്കോയിലെ ചലനം പോർചുഗലിലും അൽജീരിയയിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
വടക്കൻ ആഫ്രിക്കയിൽ ഭൂചലനങ്ങൾ പതിവല്ല. എന്നാൽ 1960ൽ മൊറോക്കോയിലെ അഗാദിർ നഗരത്തിലുണ്ടായ ഭൂചലനത്തിൽ ആയിരക്കണക്കിനാളുകൾ മരിച്ചിരുന്നു. 2004ൽ തീരനഗരമായ അൽ ഹുസൈമയിലെ ഭൂചലനത്തിൽ 600 പേരും മരിച്ചു. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ചലനമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.