വാഷിംങ്ടൺ: വെനസ്വേലൻ പ്രസിഡന്‍റ നിക്കോളാസ് മദൂറോയും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള വാക്പോര് മുറുകുന്നു. മദൂറോയുടെ വെല്ലുവിളി സ്വീകരിച്ച മസ്ക് പോരാട്ടത്തിന് തയ്യാറാണെന്ന് പറഞ്ഞു.
‘മസ്‌ക് നിങ്ങളെ ഞാന്‍ ഒട്ടും ഭയക്കുന്നില്ല. നിങ്ങള്‍ പോരാടാന്‍ തയാറാണോ? തുറന്ന പോരാട്ടത്തിന് ഞാന്‍ തയാറാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്, ഒരു പോരാട്ടത്തിന് ഞാന്‍ ഒരുക്കമാണ്.’ എന്നായിരുന്നു മദുറോയുടെ വെല്ലുവിളി. ഇതിന് പിന്നാലെയാണ് പോരാടാന്‍ ഒരുക്കമാണെന്ന് പറഞ്ഞ് മസ്‌ക് രംഗത്തെത്തിയത്. ‘ഗ്ലാഡിയേറ്റർ’ സിനിമയുടെ മീമുമായി ഇട്ട എക്സിലെ മറ്റൊരു ട്വീറ്റിൽ മസ്‌ക് മദൂറോയെ പരിഹസിച്ചു. ‘ഞാൻ വരുന്നു. നിങ്ങളെ ഞാൻ കഴുതപ്പുറത്ത് ഗിറ്റ്മോയിലേക്ക് കൊണ്ടുപോകും’ എന്നായിരുന്നു അത്.
അടുത്തിടെ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പ്രസിഡന്‍റായി മദൂറോ വിജയിച്ചതിന് പിന്നാലെയാണ് വെല്ലുവിളികളുടെ തുടക്കം. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മസ്‌ക് രംഗത്തെത്തി. മദുറോ വെനിസ്വേലയെ നാശത്തിലേക്ക് തള്ളിവിടുകയാണെന്നും മസ്‌ക് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ, വിഷയത്തില്‍ വിമര്‍ശനവുമായി മദൂറോയും എത്തി. ‘രാജ്യത്തെ സമാധാനത്തിന്റെ മുഖ്യശത്രു’ എന്ന് മസ്‌കിനെ വിശേഷിപ്പിച്ചുകൊണ്ടാണ് വെനസ്വേലൻ പ്രസിഡന്‍റ് പ്രതികരിച്ചത്. തെക്കേ അമേരിക്കയുടെ സമാധാനവും സ്ഥിരതയും തകര്‍ക്കാന്‍ മസ്‌ക് ശ്രമിക്കുന്നതായി മദുറോ തുറന്നടിച്ചത് മസ്കിനു നന്നായികൊണ്ടു. തന്റെ ഏറ്റവും പുതിയ ശത്രുവായി മസ്‌ക് മാറിയെന്നും മദൂറോ പറയുകയുണ്ടായി.
വെനസ്വേലയിലെ നാഷനല്‍ ഇലക്ടറല്‍ കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ 80% ബാലറ്റുകള്‍ എണ്ണിയപ്പോള്‍ പ്രധാന എതിരാളിയായ എഡ്മുണ്ടോ ഗോണ്‍സാലെസിന് 44% വോട്ടാണ് ലഭിച്ചത്. 51 ശതമാനം വോട്ട് നേടി മദൂറോ അധികാരത്തിലെത്തി. പ്രസിഡന്‍റ് ഹ്യൂഗോ ചാവേസിന്റെ മരണത്തെത്തുടര്‍ന്ന് 2013ലാണ് മദൂറോ ആദ്യമായി അധികാരമേറ്റെടുക്കുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.