ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിന്റെ മന്ത്രിമാരെ പ്രഖ്യാപിച്ച് തലവൻ മുഹമ്മദ് യൂനുസ്. ഉപദേശക കൗൺസിലിന്റെ തലവനായ അദ്ദേഹമാണ് പ്രതിരോധ വകുപ്പ് ഉൾപ്പെടെ 27 മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുക. മന്ത്രിസഭക്ക് പകരം കൗൺസിലിൽ അംഗങ്ങളായ മറ്റ് ഉപദേശകരുടെ പേരാണ് യൂനുസ് പ്രഖ്യാപിച്ചത്. അധ്യാപകർ, അഭിഭാഷകർ, പരിസ്ഥിതി പ്രവർത്തകർ, വിദ്യാർഥി നേതാക്കൾ, മുൻ സൈനിക ഉദ്യോഗസ്ഥൻ, എഴുത്തുകാർ, സാമ്പത്തിക, നയതന്ത്ര, ആരോഗ്യ വിദഗ്ധർ എന്നിവർ ഉൾപ്പെടുന്നതാണ് ഉപദേശക കൗൺസിൽ. കൗൺസിലിൽ രാഷ്ട്രീയക്കാരെ ഉൾപ്പെടുത്തിയിട്ടില്ല.
വിദ്യാർഥി നേതാക്കളും സൈന്യവും പൗര പ്രതിനിധികളുമായി ചർച്ച നടത്തിയാണ് മന്ത്രിമാരെ നിശ്ചയിച്ചത്. മുൻ വിദേശകാര്യ സെക്രട്ടറി മുഹമ്മദ് തൗഹീദ് ഹുസൈനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. 2001 മുതൽ 2005 വരെ കൊൽക്കത്തയിൽ ബംഗ്ലാദേശിന്റെ ഡെപ്യൂട്ടി ഹൈകമീഷണറായിരുന്നു ഹുസൈൻ. 2006 മുതൽ 2009 വരെ ബംഗ്ലാദേശിന്റെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റിട്ട. ബ്രിഗേഡിയർ ജനറൽ എം. സഖവാത് ഹുസൈൻ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കും. മുൻ ബംഗ്ലാദേശ് ബാങ്ക് ഗവർണർ സലാഹുദ്ദീൻ അഹ്മദ് ധനകാര്യ ആസൂത്രണ മന്ത്രാലയത്തിന് നേതൃത്വം നൽകും. മുൻ അറ്റോണി ജനറൽ എ.എഫ്. ഹസൻ ആരിഫ് തദ്ദേശസ്വയംഭരണ മന്ത്രാലയത്തിന്റെ മേൽനോട്ടം വഹിക്കും.
15 വർഷം നീണ്ട ശൈഖ് ഹസീനയുടെ ഭരണം അവസാനിപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ‘വിവേചനത്തിനെതിരെ വിദ്യാർഥികൾ’ സംഘത്തിന്റെ രണ്ട് കോഓഡിനേറ്റർമാരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം. നഹീദ് ഇസ്ലാമിന് ടെലികമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി വകുപ്പും ആസിഫ് മഹ്മൂദിന് യുവജന വിഭാഗം, കായിക വകുപ്പുമാണ് നൽകിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ പരിസ്ഥിതി പ്രവർത്തകയായ സയ്ദ റിസ്വാന ഹസനായിരിക്കും പരിസ്ഥിതി, വനം, കലാവസ്ഥ വ്യതിയാനം മന്ത്രാലയത്തിന്റെ ഉപദേശക. സുപ്രീംകോടതി അഭിഭാഷകകൂടിയാണവർ. ധാക്ക സർവകലാശാലയിൽ പ്രഫസറായ ആസിഫ് നസ്റുൽ നിയമ, നീതിന്യായ, പാർലമെന്ററി കാര്യ വകുപ്പുകൾക്ക് നേതൃത്വം നൽകും. ശൈഖ് ഹസീന സർക്കാർ രണ്ടുവർഷം തടവിലിട്ട മനുഷ്യാവകാശ പ്രവർത്തകൻ ആദിലുറഹ്മാൻ വ്യവസായ വകുപ്പ് ചുമതല വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.