ധാക്ക: ബംഗ്ലാദേശിൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ 15 അംഗ ഇടക്കാല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യംവിടുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇടക്കാല മന്ത്രിസഭ നിലവിൽവന്നത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല മന്ത്രിസഭയെന്ന ആവശ്യം വിദ്യാർഥി നേതാക്കൾ രാഷ്ട്രപതി മുഹമ്മദ് ശഹാബുദ്ദീൻ മുമ്പാകെ വെക്കുകയും അദ്ദേഹം അംഗീകരിക്കുകയുമായിരുന്നു. സൈനിക മേധാവി വാഖിറുസ്സമാന്റെ പിന്തുണയും തീരുമാനത്തിനുണ്ട്.
പ്രധാനമന്ത്രിക്ക് തുല്യമായ മുഖ്യ ഉപദേശകനെന്ന പദവിയായിരിക്കും മുഹമ്മദ് യൂനുസ് വഹിക്കുക. പാരിസിലായിരുന്ന മുഹമ്മദ് യൂനുസ് സ്ഥാനമേറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 2.10ന് ധാക്കയിലെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ സൈനിക മേധാവിയും വിദ്യാർഥി നേതാക്കളും ചേർന്ന് സ്വീകരിച്ചു. ഹസീനക്കെതിരായ പ്രക്ഷോഭം ഫലപ്രാപ്തിയിലെത്തിച്ച വിദ്യാർഥി നേതാക്കൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
രാജ്യം രണ്ടാം സ്വാതന്ത്ര്യമാണ് നേടിയതെന്നും അത് നിലനിർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അക്രമവും കൊലയും കൊള്ളിവെപ്പും അവസാനിപ്പിച്ച് രാജ്യത്ത് ക്രമസമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കായിരിക്കും ആദ്യ പരിഗണന. ന്യൂനപക്ഷങ്ങൾക്കും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘‘രാജ്യം ഇപ്പോൾ യുവാക്കളുടെ കൈയിലാണ്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ക്രിയാത്മക പ്രവർത്തനത്തിലൂടെ രാഷ്ട്ര പുനർനിർമാണത്തിനായി രംഗത്തിറങ്ങണം’’ -അദ്ദേഹം പറഞ്ഞു. ഹസീന സർക്കാറിനെതിരായ സമരത്തിലെ വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി അബൂ സൈദിന്റെ ഓർമകൾക്കുമുന്നിൽ അദ്ദേഹം വികാരാധീനനായി. വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാവ് നഹിദ് ഇസ്‌ലാമും ഇടക്കാല സർക്കാരിൽ ഇടം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.