ഇസ്‍ലാമാബാദ്: ബ്രിട്ടനിലെ നാലുവർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് ഒക്ടോബർ 21ന് പാകിസ്താനിലെത്തും. ചാർട്ടേഡ് വിമാനത്തിൽ ദുബൈയിൽനിന്നാണ് അദ്ദേഹം രാജ്യത്തേക്ക് തിരിച്ചുവരുന്നത്. മൂന്നുതവണ പ്രധാനമന്ത്രിയായിട്ടുള്ള 73കാരനായ നവാസ് ശരീഫ് അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) പാർട്ടിയെ നയിക്കുമെന്നാണ് കരുതുന്നത്.
നവാസ് ശരീഫ് സഞ്ചരിക്കുന്ന വിമാനത്തിന് ഉമീദെ പാകിസ്താൻ എന്നാണ് പേരിട്ടിരിക്കുന്നത്. 150 യാത്രക്കാർക്ക് കയറാവുന്ന വിമാനമാണ് ഇതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ചാർട്ടേഡ് വിമാനത്തിനുള്ള ബുക്കിങ് നടത്തിയെന്നും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടി പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരും നവാസിനൊപ്പം വിമാനത്തിലുണ്ടാകും. ഇസ്‍ലാമാബാദിൽ വിമാനമിറങ്ങുന്ന നവാസ് ശരീഫ്, ലാഹോറിലേക്ക് തിരിക്കുന്നതിനുമുമ്പ് മിനാരെ പാകിസ്താനിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യും.
ഉംറ നിർവഹിക്കുന്നതിന് നവാസ് ശരീഫ് ബുധനാഴ്ച സൗദി അറേബ്യയിലെത്തി. ഒരാഴ്ച സൗദിയിൽ തങ്ങുന്ന അദ്ദേഹം പ്രധാനപ്പെട്ട ചില യോഗങ്ങളിൽ പങ്കെടുക്കും. ഒക്ടോബർ 18ന് അദ്ദേഹം ദുബൈയിലെത്തും. സൗദിയിലേക്കുള്ള യാത്രയിൽ അടുത്ത അനുയായികളായ മിയാൻ നാസിർ ജൻജുഅ, വഖാർ അഹ്മദ്, സുഹൃത്ത് കരീം യൂസഫ് എന്നിവരും നവാസ് ശരീഫിനൊപ്പമുണ്ടായിരുന്നു. മിഡ്ജാക് കമ്പനി ഉടമയായ നാസിർ ജൻജുഅ മൂന്നുവർഷത്തോളം ലണ്ടനിൽ നവാസിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏതാനും മാസം മുമ്പാണ് ഇദ്ദേഹം പാകിസ്താനിൽ തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.