ഫോസിൽ ഇന്ധനങ്ങൾ കുറച്ച് പുനരുപയോഗിക്കാവുന്ന ഊർജങ്ങൾ ഉപയോഗിക്കണം: ഭൗമദിനത്തിൽ ദലൈലാമ

ധർമ്മശാല: ഭൗമദിനത്തിൽ കാലാവസ്ഥ പ്രതിസന്ധിയെയും പരിസ്ഥിതി സംരക്ഷണത്തെയും സൂചിപ്പിച്ച് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. ഫോസിൽ ഇന്ധനങ്ങളിലുള്ള നമ്മുടെ ആശ്രിതത്വം കുറക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണെമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യരെ പോലെ മൃഗങ്ങളും പക്ഷികളും അടങ്ങുന്ന ജീവജാലങ്ങളെല്ലാം സ്വസ്ഥമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരെന്ന നിലയിൽ നമുക്ക് സവിശേഷമായി നൽകിയിട്ടുള്ള മസ്തിഷ്കം ഉപയോഗിച്ച് ഭൂമിക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നമ്മുടെ ലോകം പരസ്പരം ആശ്രിതമാണെന്നും ആഗോള താൽപര്യത്തിന് കൂടുതൽ പ്രധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപറഞ്ഞു. നമ്മളെയെല്ലാവരെയും ഒരു പോലെ ബാധിക്കുന്ന കാലാവസ്ഥാപ്രതിസന്ധി പോലുള്ള വെല്ലുവിളികൾക്ക് കൂടുതൽ പ്രധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"തിബത്തിലും പിന്നീട് ധർമ്മശാലയിലും മഞ്ഞ് വീഴ്ച കുറയുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്. ടിബറ്റ് പോലുള്ള സ്ഥലങ്ങൾ ഒടുവിൽ മരുഭുമികളായി മാറാന്‍ സാധ്യതയുണ്ടെന്ന് ചില ശാസ്തജ്ഞർ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനായത്' - ദലൈലാമ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന് ദേശീയ അതിർത്തികൾ ഇല്ലാത്തതിനാൽ ഭൂമിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുപോലെ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടി ശ്രമിക്കുന്ന ചെറുപ്പക്കാരിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 1970 മുതൽ എല്ലാവർഷവും എപ്രിൽ 22ന് ഭൗമദിനമായാണ് ആചരിക്കുന്നത്.

Tags:    
News Summary - Needs to reduce people's reliance on fossil fuels, adopt renewable energy: Dalai Lama on Earth Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.