ജറൂസലം: റഫ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. തീയതി തീരുമാനിച്ചിട്ടുണ്ടെന്നും അന്ന് ആക്രമണം തുടങ്ങുമെന്നും തിങ്കളാഴ്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം, റഫ ആക്രമിക്കുന്നത് തെറ്റായ നടപടിയാകുമെന്ന് ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക വ്യക്തമാക്കി. സാധാരണക്കാരെ സംരക്ഷിക്കാൻ പദ്ധതി വേണമെന്നും യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്. വെടിനിർത്തൽ കരാറിനെ കുറിച്ച് കൈറോയിൽ ചർച്ച നടന്നുകൊണ്ടിരിക്കെയാണ് ഇസ്രായേലിന്റെ പുതിയ നീക്കം. 14 ലക്ഷം പേർ താമസിക്കുന്ന നഗരമാണ് ഗസ്സ സിറ്റിയിലെ റഫ. ഇതിൽ ഭൂരിഭാഗം പേരും ഗസ്സ അതിർത്തിയിലെ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് പലായനം ചെയ്തുവന്നവരാണ്.
ആക്രമണത്തിൽ ഇതുവരെ മരിച്ച ഫലസ്തീനികളുടെ എണ്ണം 33,200 കടന്നതായും 76,000 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32 പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റഫയിൽ കുടിയൊഴിപ്പിക്കൽ പദ്ധതി
ജറൂസലം: ആക്രമണത്തിന് മുന്നോടിയായി തെക്കൻ ഗസ്സ നഗരമായ റഫയിൽനിന്ന് ലക്ഷക്കണക്കിന് ഫലസ്തീനികളെ ഒഴിപ്പിക്കാൻ ഒരുങ്ങി. ഇതിനായി 40,000 ടെന്റുകൾ വാങ്ങുന്നതായി ഇസ്രായേലി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ആക്രമണത്തിന് മുന്നോടിയായി സാധാരണക്കാരെ ഒഴിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഇസ്രായേൽ പറഞ്ഞു. തിങ്കളാഴ്ച ടെന്റ് വിതരണക്കാരെ തേടി ഇസ്രായേലിന്റെ പ്രതിരോധ മന്ത്രാലയം ടെൻഡർ പ്രസിദ്ധീകരിച്ചു. റഫ ഹമാസിന്റെ അവസാന ശക്തികേന്ദ്രമാണെന്നും നഗരത്തിലേക്ക് കരസേനയെ അയക്കുമെന്നുമാണ് ഇസ്രായേൽ പറയുന്നത്. എന്നാൽ അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ഈ ആക്രമണത്തെ ശക്തമായാണ് എതിർക്കുന്നത്.
ഇസ്രായേലിലേക്ക് കയറ്റുമതി നിർത്തി തുർക്കിയ
അങ്കാറ: ഗസ്സയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രായേലിലേക്ക് ഡസൻ കണക്കിന് ഉൽപന്നങ്ങളുടെ കയറ്റുമതി നിയന്ത്രിച്ച് തുർക്കിയ. അലുമിനിയം, സ്റ്റീൽ, നിർമാണ സാമഗ്രികൾ, രാസവളങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളുടെ കയറ്റുമതിയാണ് നിർത്തിയത്. കയറ്റുമതി നിയന്ത്രിച്ച 54 ഉൽപന്നങ്ങളുടെ പട്ടിക തുർക്കിയ വാണിജ്യ മന്ത്രാലയം പുറത്തിറക്കി. ഗസ്സയിൽ സഹായം എത്തിക്കാൻ തുർക്കിയ സൈനിക ചരക്ക് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച ഇസ്രായേലിനെതിരെ നടപടിയെടുക്കുമെന്ന് വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുവരെ തുർക്കി നടപടികൾ തുടരുമെന്നും ഗസ്സയിലേക്ക് തടസ്സമില്ലാതെ സഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തുർക്കിയയിൽ നിന്നുള്ള ഉൽപന്നങ്ങൾ നിരോധിക്കാൻ ഇസ്രായേൽ തയാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.