വെലിങ്ടൺ: ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ കക്ഷികളുടെ പിന്തുണയോടെ മത്സരിച്ച പ്രതിപക്ഷമായ നാഷനൽ പാർട്ടിക്ക് ജയം. പരാജയം സമ്മതിച്ച നിലവിലെ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ ക്രിസ് ഹിപ്കിൻസ് നാഷനൽ പാർട്ടി നേതാവ് ക്രിസ് ലക്സണെ അഭിനന്ദിച്ചു. മാറ്റത്തിനുവേണ്ടി വോട്ടുചെയ്ത ജനങ്ങളോട് നന്ദിയുണ്ടെന്ന് ക്രിസ് ലക്സൺ പറഞ്ഞു.
നാഷനൽ പാർട്ടിക്ക് 51 സീറ്റും ലേബർ പാർട്ടിക്ക് 33 സീറ്റും ലഭിക്കുമെന്ന് ന്യൂസിലൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഗ്രീൻസ് പാർട്ടിക്ക് 13ഉം ആക്ട് പാർട്ടിക്ക് 12ഉം ന്യൂസിലൻഡ് ഫസ്റ്റ് പാർട്ടിക്ക് എട്ടും തേ പാറ്റി മയോറി പാർട്ടിക്ക് നാലും സീറ്റ് ലഭിക്കും. 121 അംഗ പാർലമെന്റിൽ ആക്ട് പാർട്ടിയുടെ പിന്തുണയോടെയാണ് നാഷനൽ പാർട്ടി ഭൂരിപക്ഷം സ്വന്തമാക്കിയത്. ഇടത്തരം വരുമാനക്കാർക്ക് നികുതി ഇളവ്, കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് ക്രിസ് ലക്സൺ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. രാജ്യത്തെ ഉയർന്ന ജീവിതച്ചെലവായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന്. 2020ൽ വൻ ഭൂരിപക്ഷത്തോടെയാണ് ജസീക്കയുടെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നത്. ജസീക്ക ആർഡേൻ രാജിവെച്ചതിനു പിന്നാലെയാണ് ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡ് പ്രധാനമന്ത്രിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.