വെല്ലിങ്ങ്ടൺ: ഗബ്രിയേൽ ചുഴലിക്കാറ്റ് ആഞ്ഞുവീശി നാശംവിതച്ച ന്യൂസിലാൻഡിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യമുണ്ടാക്കിയതോടെ എമർജൻസി മാനേജ്‌മെന്റ് മന്ത്രി കീറൻ മക്അനുൾട്ടി പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയായിരുന്നു. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത മഴയേയും കാറ്റിനേയും തുടർന്ന് ഏതാണ്ട് 46000 വീടുകളിലെ വൈദ്യുതി ബന്ധം താറുമാറായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ന്യൂസിലാൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലൻഡിന് സമീപമുള്ള നിരവധി ജനവാസ കേന്ദ്രങ്ങളെ വെള്ളത്തിനടിയിലാക്കി. ഗിസ്‌ബോണ്‍ തീരപ്രദേശം, തൈരാവിത്തി തുടങ്ങിയ ചില കമ്മ്യൂണിറ്റികള്‍ വൈദ്യുതിയോ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളോ റോഡ് സൗകര്യമോ ഇല്ലാതെ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.
'വടക്കൻ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശത്തും വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. നിരവധി റോഡുകൾ തകർന്നു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ദുരന്തം ന്യൂസിലാൻഡുകാരുടെ ജീവിതത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ചൊവ്വാഴ്ച കൂടുതൽ മഴയും കാറ്റും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഇത് വലിയ വെല്ലുവിളിയാകും'- എമർജൻസി മാനേജ്‌മെന്റ് മന്ത്രി മക്അനുൾട്ടി പറഞ്ഞു.
വെസ്റ്റ് ഓക്ക്‌ലൻഡിൽ വീട് തകർന്നതിനെ തുടർന്ന് ഒരു അഗ്നിശമന സേനാംഗത്തെ കാണാതായതായും മറ്റൊരാൾ ഗുരുതരാവസ്ഥയിലാണെന്നും ന്യൂസിലൻഡ് ഫയർ ആൻഡ് എമർജൻസി സർവീസ് അറിയിച്ചു. കാലാവസ്ഥ മോശമായതിനെ തുടർന്ന് തിങ്കളാഴ്ച വിമാന സർവീസ് നിർത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ചിലത് പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ ന്യൂസിലാൻഡ് അറിയിച്ചു.
ഇത് മൂന്നാം തവണയാണ് ന്യൂസിലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 2019 ലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം, 2020ൽ കോവിഡ് എന്നിവയെ തുടർന്നാണ് മുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.