ഓട്ടവ/ന്യൂയോർക്: ഖാലിസ്താൻ വിഘടനവാദി നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജറിനെ വധിച്ച സംഭവത്തിൽ മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, കൊലയിൽ ഇന്ത്യ ഗവൺമെന്റിന് പങ്കുണ്ടോ എന്ന കാര്യം അന്വേഷണത്തിലാണെന്ന് ‘ദ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ്’ (ആർ.സി.എം.പി) വ്യക്തമാക്കി. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും കാനഡ അധികൃതർ പറഞ്ഞു. കൊലക്കുപിന്നിൽ പ്രവർത്തിച്ചവരെയും അറസ്റ്റു ചെയ്യുമെന്ന് അവർ തുടർന്നു.
കരൺ ബ്രാർ (22), കമൽ പ്രീത് സിങ് (22), കരൺപ്രീത് സിങ് (28) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവർ എഡ്മോന്റൺ എന്ന സ്ഥലത്തെ താമസക്കാരാണ്. കൊല, കൊലക്കുള്ള ഗൂഢാലോചന എന്നിവയാണ് ഇവർക്കെതിരായ കുറ്റങ്ങൾ. 2023 ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് പുറത്തുവെച്ചാണ് നിജ്ജർ (45) കൊല്ലപ്പെട്ടത്. നിജ്ജറിന്റെ ഘാതകസംഘത്തിനെ തയാറാക്കിയത് ഇന്ത്യയാണെന്ന് പല കോണിൽനിന്നും ആരോപണമുയർന്നിരുന്നെങ്കിലും ഇന്ത്യ നിഷേധിച്ചിരുന്നു. അഞ്ചു വർഷത്തോളമായി നോൺ പെർമനെന്റ് വിസയിൽ കാനഡയിൽ താമസിക്കുന്നവരാണ് അറസ്റ്റിലായത്. കേസന്വേഷണം സിഖ് സമൂഹത്തിന്റെ പിന്തുണയോടെയാണ് മുന്നോട്ടുപോകുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
വിദ്യാർഥി വിസയിൽ കാനഡയിലെത്തിയ പ്രതികൾ ഇന്ത്യൻ ഇന്റലിജൻസിന്റെ നിർദേശ പ്രകാരം പ്രവർത്തിച്ചതാകാമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഗ്ലോബൽ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, കൊലയിലെ ഇന്ത്യൻ ഗവൺമെന്റിന്റെ ബന്ധം സംബന്ധിച്ച് സ്ഥിരീകരിക്കാൻ കാനഡയുടെ പൊതുസുരക്ഷ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വിസമ്മതിച്ചു. നിജ്ജറിന്റെ കൊലക്ക് പിന്നാലെ ഇന്ത്യ-കാനഡ ബന്ധത്തിൽ കാര്യമായ വിള്ളലുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.