വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ

സോൾ: അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു വിക്ഷേപണം. ഒരു മണിക്കൂറിലേറെ പറന്ന മിസൈൽ ജപ്പാൻ കടലിന് സമീപം പതിച്ചു. പ്യോങ്യാങ്ങിന് സമീപത്തുനിന്ന് വിക്ഷേപിച്ച മിസൈൽ 1000 കിലോമീറ്റർ സഞ്ചരിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി.

സമീപകാലത്ത് അമേരിക്കയുടെ ചാര വിമാനം തങ്ങളുടെ വ്യോമാതിർത്തിയിൽ കടന്നതിന് പ്രതികാരം ചെയ്യുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസൈൽ വിക്ഷേപണം. ചാര വിമാനങ്ങൾ കണ്ടാൽ വെടിവെച്ചിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാൽ, ഉത്തര കൊറിയയുടെ ആരോപണം അമേരിക്ക നിഷേധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് സൈനിക വിമാനങ്ങൾ നിരീക്ഷണം നടത്തുന്നതെന്നും അമേരിക്ക പറഞ്ഞു.

ബുധനാഴ്ചത്തെ മിസൈൽ പരീക്ഷണത്തിന് തൊട്ടുപിറകെ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഉത്തര കൊറിയയുടെ നടപടി പ്രകോപനപരമാണെന്നും കൊറിയൻ ഉപദ്വീപിലെ സമാധാനത്തിനും സുരക്ഷക്കും വിഘാതമാണെന്നും ദക്ഷിണ കൊറിയൻ സംയുക്ത സേന മേധാവി പറഞ്ഞു. ലിത്വേനിയയിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സൂക് യോൾ ദേശീയ സുരക്ഷ കൗൺസിലിന്റെ അടിയന്തരയോഗം വിളിച്ചുചേർത്തു.

Tags:    
News Summary - North Korea fires its first intercontinental ballistic missile after making threat over alleged US spy flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.