സോൾ: ഉത്തര കൊറിയ നിരോധിത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയയും ജപ്പാനും അറിയിച്ചു.തലസ്ഥാനമായ പ്യോങ്യാങ്ങിന് സമീപമുള്ള സുനൻ മേഖലയിൽനിന്ന് തൊടുത്ത മിസൈൽ 1,080 കിലോമീറ്റർ സഞ്ചരിച്ച് 6,200 കിലോമീറ്ററിലധികം ഉയരത്തിൽ എത്തിയതായി ദക്ഷിണ കൊറിയയുടെ സംയുക്ത സൈനിക മേധാവിയും പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
സാധാരണ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കാൻ കഴിയുന്ന മിസൈലിന് യു.എസിൽവരെ എത്താൻ ശേഷിയുണ്ട്.
കഴിഞ്ഞ ആഴ്ചകളിൽ ഉത്തര കൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഉപഗ്രഹ വിക്ഷേപണങ്ങളായി നേരത്തെ ഉത്തര കൊറിയ വ്യക്തമാക്കിയ ചില പരീക്ഷണങ്ങൾ മിസൈൽ ഭാഗങ്ങളുടെ പരീക്ഷണങ്ങളാണെന്ന് യു.എസും ദക്ഷിണ കൊറിയയും പറഞ്ഞു.
2017 നവംബറിലാണ് അവസാനമായി ഇത്തരം മിസൈലായ ഹ്വാസോംഗ്-15 പരീക്ഷിച്ചത്. വ്യാഴാഴ്ചത്തെ മിസൈൽ അഞ്ചു വർഷം മുമ്പ് തൊടുത്തുവിട്ടതിനേക്കാൾ പുതിയതും ശക്തവുമാണെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥർ പറഞ്ഞു.ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ ഇത്തരം പരീക്ഷണങ്ങൾക്ക് സ്വയം ഏർപ്പെടുത്തിയ മൊറട്ടോറിയം ലംഘിച്ചതിന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ വിമർശിച്ചു.
മേഖലക്കും അന്താരാഷ്ട്ര സമൂഹത്തിനും ഗുരുതര ഭീഷണിയാണിതെന്നും ആരോപിച്ചു.ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങളിൽനിന്ന് യു.എൻ ഉത്തര കൊറിയയെ വിലക്കുകയും മുൻ പരീക്ഷണങ്ങൾക്ക് ശേഷം കർശനമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. 2018ൽ കിം ജോങ് ഉൻ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകളെത്തുടർന്ന് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ, ആണവ പരീക്ഷണങ്ങൾ എന്നിവക്ക് ഉപരോധം ഏർപ്പെടുത്തി. എന്നാൽ 2020ൽ കിം ഈ വാഗ്ദാനത്തിൽനിന്ന് പിന്മാറി. എല്ലാ ആണവ പരീക്ഷണങ്ങളും നിർത്തുമെന്ന് കിം വാഗ്ദാനം ചെയ്തതിന് ശേഷം 2018ൽ രാജ്യത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആണവ സംവിധാനം പൊട്ടിത്തെറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.