പ്യോങ്യാങ്: ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമം പരാജയപ്പെട്ടു. ഉപഗ്രഹവുമായി കുതിച്ച റോക്കറ്റ് കടലിൽ വീണതോടെയാണ് വിക്ഷേപണശ്രമം പരാജയമായത്. വൈകാതെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇനിയുമുണ്ടാകുമെന്ന് ഉത്തരകൊറിയ അറിയിച്ചു. കൊറിയയുടെ ഔദ്യോഗിക വാർത്ത ഏജൻസി തന്നെയാണ് മിസൈൽ പരീക്ഷണം പരാജയപ്പെട്ട വിവരം അറിയിച്ചത്.
ചോലിമ-1 എന്ന ഉപഗ്രഹമാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. എന്നാൽ, റോക്കറ്റിലെ എൻജിനിലെ ഇന്ധന സംവിധാനത്തിന്റെ തകരാർ മൂലം വിക്ഷേപണം പരാജയപ്പെടുകയായിരുന്നുവെന്ന് ഉത്തരകൊറിയൻ വാർത്ത ഏജൻസിയായ കെ.സി.എൻ.എ അറിയിച്ചു. ഉപഗ്രഹം വിക്ഷേപിക്കാനുള്ള ആറാമത്തെ ശ്രമമാണ് ഉത്തരകൊറിയ നടത്തുന്നത്. ആദ്യമായാണ് ചാരഉപഗ്രഹം വിക്ഷേപിക്കാൻ കൊറിയ ഒരുങ്ങുന്നത്.
ഉപഗ്രഹ വിക്ഷേപണത്തെ തുടർന്ന് ജപ്പാനും ദക്ഷിണകൊറിയക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ദക്ഷിണകൊറിയൻ തലസ്ഥാന നഗരമായ സിയോളിൽ ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഉത്തരകൊറിയൻ തലസ്ഥാന നഗരത്തിൽ ടോങ്ചാങ് എന്ന മേഖലയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയൻ സംയുക്ത സൈനിക മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.