വാഷിങ്ടൺ: യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്‍റഗണിനോടു ചേർന്നുള്ള മെട്രോ സ്റ്റേഷനിൽ കത്തിക്കുത്തും സംഘർഷവും. പൊലീസ് നടപടിയുടെ ഭാഗമായി പെന്‍റഗണിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. വിർജീനിയയിലെ ആർലിങ്ടൺ കൗണ്ടിയിൽ പെന്‍റഗൺ ട്രാൻസിറ്റ് സെന്‍ററിൽ ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ഓഫീസറെ ഒരാൾ കത്തികൊണ്ട് കുത്തുകയായിരുന്നു. ജോർജിയ സ്വദേശി 27കാരനായ ഓസ്റ്റിൻ വില്യം ലാൻസ് ആണ് പ്രതി. ഓഫീസർക്കുനേരെ പാഞ്ഞെടുത്ത ഇയാൾ കഴുത്തിൽ കുത്തുകയായിരുന്നു. ഉടൻ പാഞ്ഞടുത്ത സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വെടിവെച്ചുകൊന്നു. പരിസരത്തുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ആക്രമണ കാരണം അന്വേഷിച്ചുവരികയാണ്.
പൊലീസ് നടപടികൾ പൂർത്തിയാക്കുന്നതിന് പെന്‍റഗണിൽ ചൊവ്വാഴ്ച അധികൃതർ ലോക്ഡൗൺ നടപ്പാക്കി. ഉച്ചക്കുശേഷം പിന്നീട് പിൻവലിച്ചു.
നേരത്തെ യു.എസ് മറൈൻ കോർപ്സിൽ നിയമനം ലഭിച്ചയാളാണ് അക്രമിയായ യുവാവ്. ഒരു മാസത്തിനകം പുറത്താക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. കവർച്ച, പൊലീസിനു നേരെ അതിക്രമം ഉൾപെടെ കേസുകളിൽ നേരത്തെ പ്രതിയാണ്.
തിരക്കേറിയ മെട്രോ പാതയിലെ ആക്രമണം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
ആക്രമണ സമയത്ത് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫുമാരുൾപെടെ വൈറ്റ്ഹൗസിൽ ജോ ബൈഡനുമായി കൂടിക്കാഴ്ചക്കെത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.