വാഷിങ്ടൺ: ദൈവം പറഞ്ഞാൽ മാത്രമേ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ശ്രമം ഉപേക്ഷിക്കൂവെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. എ.ബി.സി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ആരോഗ്യ പ്രശ്നങ്ങൾ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതിൽ ജോ ബൈഡന് വിനയാകുമോ എന്ന് ഡെമോക്രാറ്റുകൾ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രസ്താവന.
പ്രസിഡന്റാവാകാൻ യോഗ്യനാണെന്ന് ആരോഗ്യ പരിശോധന നടത്തി വോട്ടർമാരെ ബോധ്യപ്പെടുത്തണമെന്ന ആവശ്യവും ബൈഡൻ നിരസിച്ചു. തനിക്ക് എല്ലാ ദിവസവും ഒരു ആരോഗ്യ പരിശോധനയുണ്ട്. താൻ ഓരോ ദിവസം ചെയ്യുന്ന കാര്യവും ഒരു ആരോഗ്യ പരിശോധനയാണെന്നും ബൈഡൻ പറഞ്ഞു.
പുതിയ തലമുറക്ക് ബൈഡൻ അവസരം നൽകണമെന്ന ചില ഡെമോക്രാറ്റിക് അംഗങ്ങളുടെയും സ്പോൺസർമാരുടെയും നിർദേശവും 81കാരനായ ബൈഡൻ തള്ളി. പ്രസിഡന്റാകാൻ തന്നെക്കാൾ യോഗ്യനായ മറ്റൊരാളുണ്ടെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ ബൈഡൻ, സുഖമില്ലാതിരുന്നത് കാരണമാണ് ട്രംപുമായി സംവാദത്തിൽ പ്രകടനം മോശമായതെന്നും 22 മിനിറ്റ് നീണ്ട അഭിമുഖത്തിൽ വ്യക്തമാക്കി.
തനിക്ക് ഏറെ പ്രായമായെന്നാണ് പലരും പറയുന്നത്. 15 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ എനിക്ക് പ്രായമുണ്ടായിരുന്നോ? അഞ്ച് ദശലക്ഷം അമേരിക്കൻ വിദ്യാർഥികളുടെ കടം ഇല്ലാതാക്കാൻ എനിക്ക് പ്രായമുണ്ടായിരുന്നോ? -ബൈഡൻ ചോദിച്ചു.
കഴിഞ്ഞയാഴ്ച അറ്റ്ലാന്റയിൽ ടി.വി സംവാദത്തിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപിനു മുന്നിൽ പതറിയ ബൈഡൻ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറണമെന്ന് ആവശ്യം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.