ഗുല്‍ബുദ്ദീന്‍ ഹിക്മത്യാർ

'നഗരങ്ങളിലെ യുദ്ധം ഒഴിവാക്കുന്നതാകും താലിബാന് നല്ലത്'; അഫ്ഗാൻ പ്രതിസന്ധിക്ക് ഗനിയെ കുറ്റപ്പെടുത്തി മുൻ പ്രധാനമന്ത്രി ഹിക്മത്യാർ

കാബൂൾ: നഗരങ്ങളിൽ യുദ്ധമുഖം തുറക്കുന്നതിലേക്ക് നയിക്കുന്ന നീക്കങ്ങൾ ഒഴിവാക്കുകയാകും താലിബാന് നല്ലതെന്ന് അഫ്ഗാൻ മുൻ പ്രധാനമന്ത്രി ഗുല്‍ബുദ്ദീന്‍ ഹിക്മത്യാർ. തെരഞ്ഞെടുപ്പ് നടത്തുകയെന്നത് മാത്രമാണ് മുന്നിലുള്ള ഒരേയൊരു പോംവഴിയെന്നും ഹിക്മത്യാർ 'ദി പ്രിന്‍റി'ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താലിബാൻ അധികാരം പിടിച്ചെടുക്കുകയും പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിടുകയും ചെയ്ത സാഹചര്യത്തിൽ അഫ്ഗാൻ രാഷ്ട്രീയത്തിൽ ഹിക്മത്യാറിന് പ്രസക്തിയേറുകയാണെന്നാണ് വിലയിരുത്തൽ.

രാജ്യം അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിയ സാഹചര്യത്തിൽ മുൻ പ്രസിഡന്‍റ് ഹമീദ് കർസായി, മറ്റൊരു നേതാവായ അബ്ദുല്ല അബ്ദുല്ല, ഹിക്മത്യാർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് അധികാര കൈമാറ്റം സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകിയത്.

നഗരങ്ങളിൽ യുദ്ധമുഖം തുറക്കുന്നത് ഒഴിവാക്കുകയെന്നതാണ് താലിബാന് മുമ്പും ഇപ്പോഴും നൽകാനുള്ള ഉപദേശം. അത് വലിയ മനുഷ്യനാശത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയ്ക്കും വഴിയൊരുക്കും. ഇപ്പോഴും ഞങ്ങൾക്ക് താലിബാനോട് ഉപദേശിക്കാനുള്ളത് കാബൂളിലേക്ക് മാർച്ച് ചെയ്യരുതെന്നാണ്. ഒരുമിച്ചുള്ള ചർച്ചകളിലൂടെ ഇടക്കാല സർക്കാർ രൂപീകരിക്കുകയാണ് ഇപ്പോഴുള്ള പരിഹാരം -ഹിക്മത്യാർ പറഞ്ഞു.

തെരഞ്ഞെടുപ്പാണ് മുമ്പിലുള്ള ഒരേയൊരു പോംവഴി. എല്ലാവരും ബഹുമാനിക്കുന്ന, സൽപ്പേരുള്ള, കഴിഞ്ഞ 20 വർഷത്തിനിടെ പോരാട്ടത്തിലോ കൊലപാതകങ്ങളിലോ ഭാഗമാകാത്ത ആളുകളെ ഉൾപ്പെടുത്തി നിഷ്പക്ഷമായ ഒരു ഇടക്കാല സർക്കാർ രൂപീകരിക്കണം -അദ്ദേഹം വ്യക്തമാക്കി.

സോവിയറ്റ് അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെ നായകനായിരുന്ന ഹിക്മത്യാറിന് ഒരുകാലത്ത് ആരും ഭയക്കുന്ന പ്രതിരൂപമായിരുന്നു. ഹിസ്ബെ ഇസ്ലാമി എന്ന സായുധ സംഘത്തിന്‍റെ അധ്യക്ഷനായ ഹിക്മത്യാർ 'കാബൂളിലെ അറവുകാരൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഏറെക്കാലം പാകിസ്താനിൽ കഴിയേണ്ടി വന്ന അദ്ദേഹം പിന്നീട് രാജ്യത്തേക്ക് തിരിച്ചെത്തുകയും രാഷ്ട്രീയത്തിൽ സജീവമാകുകയുമായിരുന്നു. 2016ൽ അഫ്ഗാൻ സർക്കാർ ഹിക്മത്യാറിന് മാപ്പ് നൽകി. 2019ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അഷ്റഫ് ഗനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ തട്ടിപ്പെന്നാണ് ഹിക്മത്യാർ വിശേഷിപ്പിച്ചത്. താനും തന്‍റെ പാർട്ടിയും സുതാര്യമായ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് നിലകൊള്ളുന്നത്. യുദ്ധമോ തട്ടിപ്പ് നിറഞ്ഞ തെരഞ്ഞെടുപ്പോ ആകരുത് അധികാരത്തിലേക്കുള്ള വഴി -അദ്ദേഹം പറഞ്ഞു.

പ്രവിശ്യകളും നഗരങ്ങളും വലിയ പ്രതിരോധം കൂടാതെ താലിബാന് മുന്നിൽ കീഴടങ്ങിയത് അഷ്റഫ് ഗനിയുടെ ഭരണത്തെ ആരും താൽപര്യപ്പെടുന്നില്ല എന്നതിന്‍റെ വ്യക്തമായ സൂചനയാണ്. യഥാർഥത്തിൽ താലിബാൻ തെക്കുഭാഗത്തുനിന്ന് വടക്കുഭാഗത്തേക്ക് നീക്കം നടത്തിയിട്ടില്ല. പ്രാദേശികമായി സംഘടിക്കുന്നവർ നഗരം പിടിച്ചെടുക്കുകയും താലിബാനോട് ഐക്യം പ്രഖ്യാപിക്കുകയുമാണ്. ഭരണകൂടത്തിന്‍റെ ഏറ്റവും മോശമായ വശങ്ങൾ കണ്ട ആളുകൾ അവർക്ക് ഏറ്റവുമാദ്യം സാധ്യമായ ബദൽ തെരഞ്ഞെടുത്തുവെന്നതാണ് യാഥാർഥ്യം.

യുദ്ധ പ്രേമികളെയും അധികാരം കുത്തകയാക്കാൻ ആഗ്രഹിക്കുന്നവരെയും ഒഴിവാക്കി സമാധാനപരമായ ഒരു ഒത്തുതീർപ്പിലേക്ക് അഫ്ഗാനിസ്താനെ കൊണ്ടെത്തിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഗനിയുടെ സർക്കാർ ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ ഈയൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ സർവതും നിയന്ത്രിക്കുന്നത് താലിബാനാണ്. ഞങ്ങൾ പറഞ്ഞതിന് ചെവികൊടുത്തിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ സംഭവിക്കില്ലായിരുന്നു -ഹിക്മത്യാർ പറഞ്ഞു.

അഫ്ഗാനിസ്താനിലേക്കുള്ള അമേരിക്കയുടെ കടന്നുവരവും തിരിച്ചുപോക്കും, രണ്ടും അബദ്ധമാണെന്ന് ഹിക്മത്യാർ ചൂണ്ടിക്കാട്ടുന്നു. ഒരേ അബന്ധം ആവർത്തിക്കരുതെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അവർ പതിയെ പതിയെ തലതാഴ്ത്തി കടന്നുപോകുമെന്ന് ഞാൻ പറഞ്ഞിരുന്നു. അതുതന്നെ സംഭവിച്ചു. അഫ്ഗാനിസ്താന് വേണ്ടി ഒരു പദ്ധതിയുമില്ലാതെയാണ് യു.എസ് പിന്മാറിയത്. നന്നായി ഗൃഹപാഠം ചെയ്തും പാർട്ടികളെയും അഫ്ഗാൻ സർക്കാറിനെയും ശക്തിപ്പെടുത്തിയും ഇടക്കാല സർക്കാർ രൂപീകരണത്തിന് ധാരണയായതിനും ശേഷമായിരുന്നു പിന്മാറ്റമെങ്കിൽ അത് ജനജീവിതത്തെ മെച്ചപ്പെടുത്തുമായിരുന്നു.

ജനപ്രിയരാ‍യ ആളുകളെ അവർ വിശ്വാസത്തിലെടുക്കുകയോ പിന്തുണക്കുകയോ ചെയ്തിട്ടില്ല. പ്രാദേശികമായി ജനപ്രിയരല്ലാത്തവരെയാണ് അമേരിക്ക വിശ്വാസത്തിലെടുത്തതെന്നത് അവരുടെ വീഴ്ചയാണ്. സർക്കാറിന്‍റെ പതനത്തിനും നാറ്റോ സഖ്യത്തിന്‍റെ പരാജയത്തിനും കാരണം ഇതാണ് -അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - ‘Our advice to Taliban is avoid urban warfare’: Afghan ex-PM Hekmatyar blames Ghani for crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.