ഇസ്‍ലാമാബാദ്: വിദേശ പ്രമുഖരുടെയും രാഷ്ട്രത്തലവന്മാരുടെയും സമ്മാനങ്ങൾ അനധികൃതമായി വിറ്റതിന് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. ഏപ്രിലിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട 70 കാരനായ ക്രിക്കറ്റ് താരത്തിന് തിരഞ്ഞെടുപ്പ് ട്രൈബ്യൂണലിന്റെ വിധി കനത്ത തിരിച്ചടിയായി. ജൂലൈയിൽ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ വിജയം നേടിയ ഇംറാൻ ഖാൻ ഞായറാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ ആറ് പാർലമെന്റ് സീറ്റുകളിൽ വിജയിക്കുകയും ചെയ്തിരുന്നു.
സ്വത്ത് സംബന്ധിച്ച കാര്യങ്ങളിൽ തെറ്റായ പ്രഖ്യാപനവും മൊഴികളുടെയും നൽകിയതിന് നാലംഗ ട്രൈബ്യൂണൽ അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടികൾക്ക് ഉത്തരവിടുകയായിരുന്നു. അധികാരത്തിലിരിക്കെ നടത്തിയ അറബ് രാജ്യങ്ങളുടെ സന്ദർശന വേളയിൽ ലഭിച്ച സമ്മാനങ്ങൾ "തോഷഖാന" (ഔദ്യോഗിക സമ്മാന നിക്ഷേപം) യിൽ അടച്ചു. പിന്നീട് ഇവിടുന്ന് കുറഞ്ഞ വിലക്ക് വാങ്ങി ലാഭത്തിൽ വിറ്റു. അതിൽ രാജകുടുംബം നൽകിയ വിലയേറിയ വാച്ചുകൾ ഇംറാൻ ഖാന്റെ സഹായികൾ ദുബായിൽ വിറ്റതായി ഉദ്യോഗസ്ഥർ ആരോപിച്ചു.
തെറ്റായ പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തി ഇംറാൻ ഖാൻ അഴിമതി നടത്തിയെന്നും 2017 ലെ തിരഞ്ഞെടുപ്പ് നിയമ വ്യവസ്ഥകൾ പ്രകാരം ഇത് ശിക്ഷാർഹമാണെന്നും ട്രൈബ്യൂണൽ വിധിച്ചു.
പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 63(1)(പി) പ്രകാരം ഖാൻ അയോഗ്യനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സുപ്രീം കോടതി വിധിപ്രകാരം അദ്ദേഹം പി.ടി.ഐയുടെ ചെയർമാൻ സ്ഥാനത്തു നിന്നും മാറണമെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് നിയമവിദഗ്ധർ പറഞ്ഞു. ഭരണഘടനയുടെ 62, 63 വകുപ്പു പ്രകാരം അയോഗ്യനാക്കപ്പെട്ട വ്യക്തിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ തലവനാകാൻ കഴിയില്ലെന്ന് 2018 ഫെബ്രുവരിയിൽ സുപ്രീം കോടതി വിധിച്ചിരുന്നു.
അതേസമയം, വിധിയെ ഇസ്‍ലാമാബാദ് ഹൈകോടതിയിൽ ചോദ്യം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഗോഹർ ഖാൻ പറഞ്ഞു. അഴിമതി നടപടികളിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ടെന്ന് പാകിസ്ഥാൻ നിയമമന്ത്രി അസം നസീർ തരാർ പറഞ്ഞു.
''സത്യസന്ധതയുടെയും വിശ്വാസത്തിന്റെയും പ്രതിഷ്ഠ തകർന്നു. പ്രധാനമന്ത്രിപദത്തെ ദുരുപയോഗം ചെയ്ത് വ്യക്തിഗത വരുമാന സ്രോതസ്സിനായി ഉപയോഗിച്ചത് രാജ്യം കണ്ടു. കലാപം നടത്തുന്നതിന് പകരം പകരം നിയമം പാലിക്കുക. ആരും നിയമത്തിന് അതീതരല്ല''-തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിയിൽ പ്രതികരിച്ചു കൊണ്ട് പ്രധാനമന്ത്രി ശഹബാസ് ശരീഫ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.