വിവാഹ കേസിൽ ഇമ്രാൻ ഖാനെയും ഭാര്യയെയും കുറ്റമുക്തരാക്കി

ഇസ്‍ലാമാബാദ്: ഇസ്‍ലാമിക നിയമത്തിന് നിരക്കാത്ത രീതിയിൽ വിവാഹിതരായെന്ന കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും ഭാര്യ ബുഷ്റ ബീബിയെയും കോടതി കുറ്റമുക്തരാക്കി. ഏതാണ്ട് ഒരുവർഷത്തെ ജയിൽവാസത്തിനുശേഷം ഇസ്‍ലാമാബാദ് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. മറ്റേതെങ്കിലും കേസിൽ കുറ്റക്കാരല്ലെങ്കിൽ ഇരുവരെയും ജയിൽ മോചിതരാക്കണമെന്ന് ജഡ്ജ് അഫ്സൽ മജോക പറഞ്ഞു.

ബുഷ്റ ബീബിയുടെ മുൻ ഭർത്താവ് ഖവാർ ഫരീദ് മനേക നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. വിവാഹമോചനത്തിന് ശേഷമോ ഭർത്താവിന്റെ മരണശേഷമോ നാല് മാസം (ഇദ്ദ കാലാവധി) തികയുന്നതിന് മുമ്പ് സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാൻ കഴിയില്ലെന്നാണ് ഇസ്‍ലാമിക നിയമം. ബുഷ്റ ബീബിയുടെ ഇദ്ദ കാലാവധിക്ക് മുമ്പാണ് ഇമ്രാൻ ഖാനുമായി വിവാഹം നടന്നതെന്നായിരുന്നു പരാതി. പാർട്ടി അനുയായികളെ കലാപത്തിന് പ്രേരിപ്പിച്ചെന്ന കേസിൽ ജാമ്യം നൽകണമെന്ന ഹരജി ലാഹോർ കോടതി തള്ളിയതിനാൽ ഇമ്രാൻ ഖാൻ ജയിൽ മോചിതനാകില്ല.

Tags:    
News Summary - Pakistan court acquits former PM Imran Khan, wife in unlawful marriage case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.