ഇസ്ലാമാബാദ്: പാകിസ്താന്‍റെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിൽ വനിത ജഡ്ജി വരുന്നു. ലാഹോർ ഹൈകോടതി ജഡ്ജി അയിഷ മാലിക്കിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തിക്കൊണ്ടുള്ള തീരുമാനത്തിന് ഉന്നതതല സമിതി വ്യാഴാഴ്ച അംഗീകാരം നൽകി. ചീഫ് ജസ്റ്റിസ് ഗുൽസാർ അഹ്മദ് അധ്യക്ഷനായ ജുഡീഷ്യൽ കമീഷൻ ഓഫ് പാകിസ്താനാണ് നിയമനാംഗീകാരം നൽകിയത്.
ഇനി പാർലമെന്‍ററി കമ്മിറ്റിയുടെ അംഗീകാരംകൂടി ലഭിക്കുന്നതോടെ അയിഷ മാലിക്കിനെ സുപ്രീംകോടതിയിൽ നിയമിക്കും. ജുഡീഷ്യൽ കമീഷന്‍റെ നിർദേശം പാർലമെന്‍ററി സമിതി അംഗീകരിക്കുന്നതാണ് രാജ്യത്തെ കീഴ്വഴക്കം.
കഴിഞ്ഞ വർഷവും കമീഷന്‍റെ പരിഗണനക്കു വന്നിരുന്നുവെങ്കിലും ഭൂരിപക്ഷാഭിപ്രായം ലഭിക്കാഞ്ഞതിനെ തുടർന്ന് ജസ്റ്റിസ് അയിഷയുടെ പേര് തള്ളിപ്പോയിരുന്നു. സർവീസ് അനുസരിച്ച് 2030ൽ ചീഫ് ജസ്റ്റിസ് ആവാനുള്ള അവസരവും ഇവർക്കുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.