വാഷിങ്ടൺ: ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിക്കുന്നതിൽനിന്ന് ചില സർക്കാറുകൾക്ക് താൽക്കാലിക വിലേക്കർപ്പെടുത്തി നിർമാതാക്കളായ എൻ.എസ്.ഒ ഗ്രൂപ്. പ്രമുഖരുടെ ഫോണുകൾ ചോർത്താൻ പെഗസസ് ദുരുപയോഗിക്കുെന്നന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ചില ഉപഭോക്താക്കൾക്കെതിരെ എൻ.എസ്.ഒ അന്വേഷണം ആരംഭിച്ചതായും ചിലർക്ക് പെഗസസ് സേവനം താൽക്കാലികമായി നിർത്തിയതായും കമ്പനിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് യു.എസിലെ നാഷനൽ പബ്ലിക് റേഡിയോ (എൻ.പി.ആർ) റിപ്പോർട്ട് ചെയ്തു.
വിലക്കിയ രാജ്യങ്ങളുടെ പേര് വെളിപ്പെടുത്താൻ ഉദ്യോഗസ്ഥൻ വിസമ്മതിച്ചു. ചോർത്തലിന് വിധേയമായെന്ന് ആരോപണം ഉയർന്ന ചില ഫോൺ നമ്പറുകൾ എൻ.എസ്.ഒ പരിശോധിച്ചിരുന്നു. ഇതിന് പെഗസസുമായി ബന്ധമില്ലെന്നാണ് വിലയിരുത്തൽ. സോഫ്റ്റ്വെയർ ദുരുപയോഗം ചെയ്ത രാജ്യങ്ങളുടെ പൂർണ വിവരം എൻ.എസ്.ഒ പുറത്തുവിടുമോ എന്ന കാര്യത്തിൽ വ്യക്തത നൽകാനും ഉദ്യോഗസ്ഥൻ തയാറായിട്ടില്ല. അതേസമയം, സൗദി അറേബ്യ, യു.എ.ഇ, മെക്സികോ എന്നീ രാജ്യങ്ങൾക്കാണ് വിലക്കെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ ഫോണുകൾ സർക്കാർ സഹായത്തോടെ ചില ഏജൻസികൾ പെഗസസ് ഉപയോഗിച്ച് ചോർത്തുന്നതായി ചില ഓൺലൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിടുകയും പാർലമെൻറ്തുടർച്ചയായി സ്തംഭിക്കുകയും ചെയ്തിരുന്നു.
വിഷയം രാജ്യാന്തര ശ്രദ്ധ നേടിയതോടെ ഇസ്രായേൽ സർക്കാറും പ്രതിരോധത്തിലായി. തുടർന്നാണ് പെഗസസ് നിർമാതാക്കൾക്കെതിരെ അന്വേഷണത്തിന് ഇസ്രായേൽ സർക്കാർ ഉത്തരവിട്ടത്. ആരോപണങ്ങൾ വിലയിരുത്തുന്നതിന് െതൽ അവീവിനടുത്തുള്ള എൻ.എസ്.ഒ ഓഫിസിൽ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ബുധനാഴ്ച പരിശോധന നടത്തിയിരുന്നു. 40 രാജ്യങ്ങളിലായി 60ഓളം ഉപയോക്താക്കളാണ് തങ്ങൾക്കുള്ളതെന്ന് എൻ.എസ്.ഒ അറിയിച്ചു.
സുതാര്യമായാണ് കമ്പനിയുടെ പ്രവർത്തനം. അതത് സർക്കാറുമായി ചേർന്ന് ഭീകരവിരുദ്ധ നടപടികൾക്കാണ് പെഗസസ് ഉപയോഗിക്കുന്നതെന്നും എൻ.എസ്.ഒ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.