ലോസ് ഏഞ്ചലസ്: 3000 അടി ഉയരത്തിൽ വിമാനങ്ങൾക്കൊപ്പം പറക്കുന്ന മനുഷ്യനെ കണ്ടതായി പൈലറ്റുമാർ. പറക്കാൻ സഹായിക്കുന്ന ഉപകരണമായ ജെറ്റ്പാക്ക് ഉപയോഗിച്ച് പറക്കുന്നയാളെ കണ്ടതായാണ് രണ്ട് വിമാനങ്ങളിലെ പൈലറ്റുമാർ റിപ്പോർട്ട് ചെയ്തത്. യു.എസിലെ ലോസ് ഏഞ്ചലസ് വിമാനത്താവളത്തിന് സമീപത്തായാണ് പറക്കും മനുഷ്യനെ കണ്ടത്. സംഭവത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഞായറാഴ്ച ലോസ് ഏഞ്ചലസ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്ന വിമാനങ്ങളിലെ പൈലറ്റുമാരാണ് അപൂർവ ദൃശ്യം കണ്ടത്. അമേരിക്കൻ എയർലൈൻസ് 1997 വിമാനത്തിലെ പൈലറ്റാണ് പറക്കും മനുഷ്യനെ കണ്ടകാര്യം എയർ ട്രാഫിക് കൺട്രോളിൽ ആദ്യം അറിയിച്ചത്. 3000 അടി ഉയരത്തിലാണ് ഇയാൾ പറക്കുന്നതെന്നും വിമാനവുമായി 300 അടി ദൂരം മാത്രമേയുള്ളൂവെന്നും പൈലറ്റ് അറിയിച്ചു.
അൽപസമയത്തിനകം ലാൻഡ് ചെയ്യുകയായിരുന്ന സ്കൈ വെസ്റ്റ് എയർലെൻസ് വിമാനത്തിലെ പൈലറ്റ് കൂടി ഇക്കാര്യം റിപ്പോർട്ടു ചെയ്തു. തുടർന്ന് മറ്റ് വിമാനങ്ങൾക്കെല്ലാം എയർ ട്രാഫിക് കൺട്രോളിൽ നിന്ന് പറക്കും മനുഷ്യനെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു.
പൈലറ്റുമാരുടെ റിപ്പോർട്ട് ലോസ് ഏഞ്ചലസ് പൊലീസിന് കൈമാറിയതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അതേസമയം, ജെറ്റ്പാക്കിൽ പറക്കുന്ന മനുഷ്യനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ മറ്റാരെങ്കിലും കാണുകയോ ചെയ്തിട്ടില്ല.
മനുഷ്യരെ പറക്കാൻ സഹായിക്കുന്ന ഉപകരണമാണ് ജെറ്റ്പാക്ക്. വലിയ ബാഗിന്‍റെ രൂപത്തിലുള്ള ഇവയുടെ അറയിൽ ഇന്ധനം നിറച്ചാണ് പറക്കൽ യാഥാർഥ്യമാകുന്നത്. മനുഷ്യർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ജെറ്റ്പാക്കുകൾ വികസിപ്പിച്ച് വരുന്നതേയുള്ളൂ.
മനുഷ്യന്‍റെ വലിപ്പവും ഭാരവും പരിഗണിക്കുമ്പോൾ വിമാനങ്ങളുമായി കൂട്ടിയിടിച്ചാൽ വലിയ ദുരന്തത്തിന് തന്നെ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡ്രോൺ, ജെറ്റ്പാക്ക് തുടങ്ങിയ ഉപകരണങ്ങൾ ആളുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വിമാനങ്ങൾക്കരികെ ജെറ്റ്പാക്കിൽ പറക്കുന്നയാളെ കണ്ടതായ റിപ്പോർട്ട് ലഭിച്ചെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും എഫ്.ബി.ഐ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.