പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ

സെപ്റ്റംബർ 11 ഭീകരാക്രമണം; ആരോപിതരുമായുള്ള യു.എസി​ന്‍റെ ഒത്തുതീർപ്പു കരാർ റദ്ദാക്കി പ്രതിരോധ സെക്രട്ടറി

വാഷിങ്ടൺ: സെപ്റ്റംബർ 11 വേൾഡ് സെന്‍റർ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് തടവിലിട്ട മൂന്നുപേരുമായി യു.എസ് ഭരണകൂടം ഏർപ്പെട്ട ഒത്തുതീർപ്പു കരാർ റദ്ദാക്കി യു.എസ് പ്രതിരോധ സെക്രട്ടറിയും പെന്‍റഗൺ മേധാവിയുമായ ലോയ്ഡ് ഓസ്റ്റിൻ. ഇവരുടേത് വധശിക്ഷാ കേസുകളായി പുനഃസ്ഥാപിച്ചതായി കേസി​ന്‍റെ മേൽനോട്ടം വഹിക്കുന്ന സൂസൻ എസ്‌കലിയറിന് അയച്ച മെമ്മോയിൽ ഓസ്റ്റിൻ അറിയിച്ചു.

മൂന്ന് പേർക്കെതിരിലുമുള്ള വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ 16 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് 2001 സെപ്റ്റംബർ 11നു നടന്ന ഭീകരാക്രമണത്തി​ന്‍റെ സൂത്രധാരകരായി ആരോപിക്കുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ്, വലീദ് ബിൻ അത്താഷ്, മുസ്തഫ അൽ ഹൗസാവി എന്നിവരുമായി യു.എസ് ഭരണകൂടം ഒത്തുതീർപ്പു കരാറിൽ എത്തിയത്. രണ്ടു പതിറ്റാണ്ടിനടുത്ത് ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിൽ കഴിഞ്ഞ പ്രതികളുമായി 27 മാസത്തെ ചർച്ചകൾക്കു ശേഷമാണു സൈനിക കമീഷനുകളുടെ ഏകോപനച്ചുമതലയുള്ള സൂസൻ എസ്കലിയർ ധാരണയിലെത്തിയത്. കരാർ വ്യവസ്ഥകൾ പൂർണമായി വെളിപ്പെടുത്തിയിരുന്നില്ല. ഇവരുമായി താൻ കരാർ ഒപ്പിട്ടതായി ബുധനാഴ്ച സൂസൻ എസ്കലിയർ പ്രഖ്യാപിച്ചിരുന്നു. മൂവരും കുറ്റസമ്മതം നടത്തണമെന്നും പകരം വധശിക്ഷ ജീവപര്യന്തമാക്കി കുറക്കാമെന്നുമാണു ധാരണയെന്നു യു.എസ് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി. അടുത്തയാഴ്ച വിചാരണ ആരംഭിക്കുമ്പോൾ മൂന്നു പേരും കുറ്റം സമ്മതിച്ചേക്കുമെന്നു യു.എസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

അതിനു തൊട്ടുപിന്നാലെയാണ് വധശിക്ഷാ കേസ് തന്നെയായി പുന:സ്ഥാപിച്ച് പ്രതിരോധ സെക്രട്ടറി കരാർ റദ്ദാക്കിയത്. മേൽപറഞ്ഞ കേസിൽ പ്രതികളുമായി പ്രാരംഭ-വിചാരണ കരാറുകളിൽ ഏർപ്പെടേണ്ടതി​ന്‍റെ പ്രാധാന്യം മൂലം അത്തരമൊരു തീരുമാനത്തി​ന്‍റെ ഉത്തരവാദിത്തം ഉന്നത അതോറിറ്റി എന്ന നിലയിൽ തനിക്കായിരിക്കുമെന്ന് ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. വിവാദമായ കരാർ റദ്ദാക്കാനുള്ള ഓസ്റ്റി​ന്‍റെ തീരുമാനത്തിൽ പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനും പങ്കില്ലെന്ന് പെന്‍റഗൺ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

കരാറിനു പിന്നാലെ, ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കി പ്രോസിക്യൂട്ടർമാർ കത്തയച്ചിരുന്നു. ഇവർക്കു പ്രതികളോടുള്ള ചോദ്യങ്ങൾ 45 ദിവസത്തിനുള്ളിൽ നൽകാമെന്നും ഈ വർഷാവസാനത്തോടെ പ്രതികൾ ഇതിനു മറുപടി നൽകണമെന്നും പ്രോസിക്യൂട്ടർമാർ അറിയിക്കുകയുണ്ടായി. അതേസമയം,ഒത്തു തീർപ്പു കരാറിൽ ചില ഇരകളുടെ ബന്ധുക്കൾ നീരസം പ്രകടിപ്പിച്ചിരുന്നു. റിപ്പബ്ലിക്കൻ നിയമനിർമാതാക്കളിൽനിന്നും വിമർശനം ഉയർന്നു.

സെപ്റ്റംബർ 11 ആക്രമണത്തിലെ അഞ്ച് പ്രതികളുടെ കേസുകൾക്ക് മേൽനോട്ടം വഹിക്കുന്ന യു.എസ് മിലിട്ടറി കമീഷൻ 2008 മുതൽ വിചാരണക്കു മുമ്പുള്ള ഹിയറിംഗുകളിലും മറ്റ് പ്രാഥമിക കോടതി നടപടികളിലും കുടുങ്ങിക്കിടക്കുകയായിരുന്നു. ഗ്വാണ്ടനാമോ തടവറയിൽ പ്രതികളെ ക്രൂരമായി പീഡിപ്പിച്ചു സമ്മതിപ്പിച്ച തെളിവുകളുടെ അസ്വീകാര്യത കാരണം മുഴുവൻ വിചാരണകളും വിധികളും ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്‍ററിലേക്കും പെന്‍റഗണിലേക്കും വിമാനം ഇടിച്ചുകയറ്റാനുള്ള ഗൂഢാലോചന നടത്തിയെന്നാണ് ഖാലിദ് ഷെയ്ഖ്നെതിരെയുള്ള ആരോപണം. ആക്രമണത്തിൽ 3,000​ത്തോളം പേർ കൊല്ലപ്പെടുകയും അഫ്ഗാനിസ്താനിൽ യു.എസി​ന്‍റെ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ‘ഭീകരവിരുദ്ധ’ യുദ്ധത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു.

Tags:    
News Summary - Plea deal for accused 9/11 plotters revoked by Pentagon chief Lloyd Austin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.