കാഠ്മണ്ഡു: അധികാര വടംവലി രൂക്ഷമായ നേപ്പാളിൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ ശിപാർശയിൽ പ്രസിഡൻറ് ബിദ്യ ദേവി ഭണ്ഡാരി പാർലമെൻറ് പിരിച്ചുവിട്ടു. ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ഒലിയും മുൻ പ്രധാനമന്ത്രി പ്രചണ്ഡയും തമ്മിലുള്ള അധികാരത്തർക്കം രൂക്ഷമായതാണ് പുതിയ സംഭവ വികാസങ്ങൾക്ക് പിറകിൽ.
ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നേപ്പാൾ മന്ത്രിസഭ യോഗമാണ് പാർലമെൻറ് പിരിച്ചുവിടണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. തുടർന്ന് ഒലി നേരിട്ട് പ്രസിഡൻറിനെ കണ്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു.
പാർലമെൻറ് പിരിച്ചുവിട്ട പ്രസിഡൻറ് ഏപ്രിൽ-മേയ് മാസങ്ങളിലായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 30നും രണ്ടാം ഘട്ടം മേയ് 10നുമാണ് നടക്കുകയെന്ന് നേപ്പാൾ രാഷ്ട്രപതി ഭവൻ അറിയിച്ചു. അഞ്ചുവർഷ കാലവധിയുള്ള 207 അംഗ പാർലമെൻറിലേക്ക് 2017ലാണ് തെരഞ്ഞെടുപ്പ് നടന്നത്.
അതേസമയം, ഒലിയുടെ നടപടിക്കെതിരെ ഭരണകക്ഷിയിൽനിന്നുതന്നെ എതിർപ്പുയർന്നു. നടപടി ജനാധിപത്യ-ഭരണഘടന വിരുദ്ധവും ഏകാധിപത്യവുമാണെന്ന് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി (എൻ.സി.പി) വക്താവ് നാരായൺകജി ശ്രേഷ്ഠ പറഞ്ഞു. വിഷയം ചർച്ചചെയ്യാൻ പാർട്ടിയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചേരുമെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായ മാധവ് കുമാർ നേപ്പാളും നടപടിക്കെതിരെ രംഗത്തെത്തി. പ്രശ്നം ചർച്ചചെയ്യാൻ നേതാക്കൾ പ്രചണ്ഡയുടെ വസതിയിൽ ഒത്തുചേർന്നിട്ടുണ്ട്.
അതേസമയം, പാർലമെൻറ് പിരിച്ചുവിടാൻ ഭരണഘടനയിൽ വകുപ്പില്ലെന്നും ഒലിയുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ സംഭവ വികാസങ്ങൾ ചർച്ചചെയ്യാൻ പ്രധാന പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് പാർട്ടി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.