അന്ന് എതിർത്തു; ഇന്ന് ക്ഷണിച്ചു- മോദി മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത് ഇന്ത്യൻ പ്രധാനമന്ത്രി

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചപ്പോൾ പഴയൊരു എതിർപ്പിൻ്റെ കറ കൂടിയാണ് മാഞ്ഞുപോകുന്നത്. 1999ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യ സന്ദർശിച്ചിരുന്നു. അടൽ ബിഹാരി വാജ്പേയ് ആയിരുന്നു അന്ന് പ്രധാനമന്ത്രി. അന്ന് ജോൺ പോൾ രണ്ടാമന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ സംഘ്പരിവാർ സംഘടനകൾ വൻ പ്രതിഷേധങ്ങളുയർത്തിയിരുന്നു. ക്രിസ്ത്യൻ മിഷണറിമാർ മതപരിവർത്തനം നടത്തുന്നുണ്ടെന്നും മാർപാപ്പ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഘ്പരിവാർ രാജ്യമെങ്ങും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. വിഎച്ച്.പി നേതാവ് ആചാര്യ ഗിരിരാജ് കിഷോറിന്റെ മാർപാപ്പക്കെതിരെയുള്ള പരാമർശങ്ങൾക്ക് ബി.ജെ.പിക്കകത്തു നിന്നുപോലും വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇപ്പോൾ വത്തിക്കാനിൽ പേപ്പൽ ഹൗസിലെ ലൈബ്രറിയിൽ നടന്ന കൂടിക്കാഴ്ചയിൽ മോദി ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചപ്പോൾ 1999ലെ പോപ് ജോൺ പോൾ രണ്ടാമന്റെ ഇന്ത്യ സന്ദർശനത്തിന് ശേഷം മറ്റൊരു പോപ്പിന്റെ സന്ദർശനത്തിന് വഴിയൊരുങ്ങുകയാണ്.

മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, ഐ.കെ. ഗുജറാൾ, അടൽ ബിഹാരി വാജ്പേയ് എന്നിവരാണ് നേരത്തെ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാർ. 1955 ജൂലൈയിലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു പയസ് പന്ത്രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഗോവയുടെ വിമോചനം ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഈ കൂടിക്കാഴ്ചയിൽ വെച്ച് ഗോവയിൽ നടക്കുന്നത് മതപരമായ വിഷയമല്ലെന്നും അത് രാഷ്ട്രീയ പ്രശ്നമാണെന്നും നെഹ്റു പോപ്പിനെ ധരിപ്പിക്കുകയും ചെയ്തു. നെഹ്റുവിന്റെ കൂടെ ഇന്ദിരാഗാന്ധിയും പോപ്പിനെ സന്ദർശിക്കാൻ ഉണ്ടായിരുന്നു.

1981ൽ പ്രധാനമന്ത്രിയായിരുന്ന കാലത്ത് മാർപാപ്പയുമായി ഇന്ദിരാഗാന്ധി വീണ്ടും കൂടിക്കാഴ്ച നടത്തി. ജോൺ പോൾ രണ്ടാമൻ ആയിരുന്നു അന്ന് മാർപ്പാപ്പ. 1997ൽ പ്രധാനമന്ത്രി ആയിരിക്കെ ഐ.കെ. ഗുജറാളും 1997ൽ അടൽ ബിഹാരി വാജ്പേയും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

പോൾ നാലാമൻ മാർപാപ്പയാണ് ആദ്യമായി ഇന്ത്യ സന്ദർശിച്ച മാർപാപ്പ. 1964ൽ മുംബൈയിൽ നടന്ന തിരുവത്താഴം ചടങ്ങിനാണ് അദ്ദേഹം എത്തിയത്. 1986 ഫെബ്രുവരിയിലും 1999ലും ജോൺ പോൾ രണ്ടാമൻ ഇന്ത്യ സന്ദർശിച്ചു.1997ൽ അന്നത്തെ കേരള മുഖ്യമന്ത്രി ഇ.കെ. നായനാർ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ സന്ദർശിച്ചിരുന്നു. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 2019 'ഒക്ടോബറിൽ കേന്ദ്ര സഹമന്ത്രിയായിരുന്ന വി. മുരളീധരനും മാർപാപ്പയെ സന്ദർശിച്ചിരുന്നു.

Tags:    
News Summary - PM Modi invites Pope Francis to visit India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.