ലുംബിനി: ബുദ്ധപൂർണിമയുടെ ഭാഗമായി ശ്രീബുദ്ധന്റെ ജന്മസ്ഥലമായ നേപ്പാളിലെ ലുംബിനിയിൽ ഏകദിന സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെയുമായി ഉഭയകക്ഷി ചർച്ച നടത്തി. സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ സഹകരണം സംബന്ധിച്ച ആറ് ധാരണപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കേന്ദ്രസർക്കാർ 100 കോടി ചെലവിട്ട് നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനം ഇരുനേതാക്കളും ചേർന്ന് നിർവഹിച്ചു.
ദുബെയുടെ ക്ഷണപ്രകാരമായിരുന്നു മോദിയുടെ മായാദേവി ക്ഷേത്ര സന്ദർശനം. 2014നുശേഷം ഇത് അഞ്ചാമത്തെ നേപ്പാൾ സന്ദർശനമാണെങ്കിലും അദ്ദേഹം ആദ്യമായാണ് ലുംബിനിയിലെത്തുന്നത്. ഗൗതമബുദ്ധന്റെ ജന്മസ്ഥലമായ മായാദേവി ക്ഷേത്രത്തിൽ പ്രാർഥനയോടെയാണ് അദ്ദേഹം നേപ്പാൾ സന്ദർശനം ആരംഭിച്ചത്. ദുബെയുടെ ഭാര്യ ഡോ. ആർസു റാണയും അനുഗമിച്ചു.
ശ്രീബുദ്ധന്റെ ജന്മസ്ഥലം സൂചിപ്പിക്കുന്ന ക്ഷേത്രപരിസരത്തെ മാർക്കർ സ്റ്റോണിൽ നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു. ബുദ്ധമത ആചാരപ്രകാരം നടന്ന പൂജയിലും ഇവർ പങ്കെടുത്തു. ലുംബിനി മൊണാസ്റ്റിക് സോണിൽ ഇന്ത്യ ഇന്റർനാഷനൽ സെന്റർ ഫോർ ബുദ്ധിസ്റ്റ് കൾചർ ആൻഡ് ഹെറിറ്റേജിന് അവർ തറക്കല്ലിട്ടു. തുടർന്ന് പ്രധാനമന്ത്രി മോദി നേപ്പാൾ പ്രധാനമന്ത്രി ദുബെയുമായി ലുംബിനിയിൽ ഉഭയകക്ഷി ചർച്ച നടത്തി. സഹകരണം ശക്തിപ്പെടുത്താനും ബഹുമുഖ ഉഭയകക്ഷി പങ്കാളിത്തത്തിൽ പുതിയ മേഖലകൾ വികസിപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ചചെയ്തു. ലുംബിനി ഡെവലപ്‌മെന്റ് ട്രസ്റ്റ് സംഘടിപ്പിച്ച ബുദ്ധ ജയന്തി ആഘോഷത്തിൽ പ്രധാനമന്ത്രി മോദി പ്രത്യേക പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.