സാർവമത സാഹോദര്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

ബുഡാപെസ്റ്റ്: ഹംഗറി സന്ദർശനത്തിനിടെ സാർവമത സാഹോദര്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. വിശ്വാസത്തിൽ വേരൂന്നുന്നതിനൊപ്പം എല്ലാ മതങ്ങളെയും ചേർത്തുപിടിക്കുക എന്ന സന്ദേശമാണ് കുരിശ് നൽകുന്നതെന്ന് ആഗോള സഭാധ്യക്ഷൻ പറഞ്ഞു. തീവ്രദേശീയവാദിയും കുടിയേറ്റ വിരുദ്ധനുമായ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സാർവമത സാഹോദര്യത്തിനുള്ള പോപ്പിന്‍റെ ആഹ്വാനം.

യൂറോപ്പിലുൾപ്പെടെ ഇപ്പോഴും നിലനിൽക്കുന്ന ജൂതവിരുദ്ധ മനോഭാവത്തിനെതിരെയാണ് പോപ്പ് മുന്നറിയിപ്പ് നൽകിയത്. വ്യത്യസ്ത ജാതി, മതവിഭാഗങ്ങളിൽപെട്ടവർ ഹംഗറിയുടെ വളർച്ചയ്ക്കും സാംസ്കാരിക വൈവിധ്യത്തിനും നൽകിയ സംഭാവനകൾ മറക്കരുതെന്ന് മാർപാപ്പ ഓർമിപ്പിച്ചു.

യഥാർഥ ആരാധനയിൽ ദൈവാരാധനയും അയൽക്കാരനോടുള്ള സ്നേഹവും അടങ്ങിയിരിക്കുന്നു. എന്തെങ്കിലും പുറമേ കാണിക്കുന്നതിനേക്കാൾ ഭൂമിയിലെ നമ്മുടെ സൗഹാർദ്ദത്തിലൂടെ സ്വർഗ്ഗത്തിലെ ദൈവത്തിന്‍റെ പിതൃ സാന്നിധ്യം പ്രകടമാക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത് -മാർപാപ്പ പിന്നീട് ട്വീറ്റ് ചെയ്തു. 

അതേസമയം, ഹംഗറിയിൽ ക്രിസ്ത്യൻ മതത്തെ നശിക്കാൻ വിട്ടുകൊടുക്കരുതെന്ന് പോപ്പിനോട് അഭ്യർഥിച്ചതായി വിക്ടർ ഓർബൻ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. യൂറോപ്പിലെ ക്രിസ്ത്യാനികളുടെ സംരക്ഷകനെന്ന് സ്വയം അവകാശപ്പെടുന്നയാളാണ് ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ. 

ബുഡാപെസ്റ്റിലെ ഫൈൻ ആർട്സ് മ്യുസിയത്തിൽ വച്ച് ഹംഗറിയിലെ മെത്രാന്മാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. സഭയുടെ രക്തസാക്ഷിത്വത്തിന്‍റെയും സഹനങ്ങളുടെയും ചരിത്രത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാനും, അധികാരത്തെക്കാളുപരി സേവനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാർഗ്ഗത്തിൽ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

പിന്നീട് എക്യൂമെനിക്കൽ സഭാസമിതികളും ഹംഗറിയിലെ ജൂതമത സമൂഹങ്ങളുമായി കൂടിക്കാഴ്ച നടത്തി. സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശത്തിനാണ് പ്രാധാന്യമെന്ന് പോപ്പ് ഊന്നിപ്പറഞ്ഞു.

തന്‍റെ അപ്പസ്തോലിക യാത്രയുടെ ആദ്യപടിയായ ബുഡാപെസ്റ്റിലെ സന്ദർശനത്തിന് ശേഷം യാത്രയുടെ രണ്ടാം ഭാഗമായി സ്ലൊവാക്കിയയിലേക്ക് ഫ്രാൻസിസ് മാർപാപ്പ പുറപ്പെട്ടു.

Tags:    
News Summary - Pope calls for openness after meeting Hungary’s Orban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.