ബ്ലിങ്കന്റെ മൂന്നാം വരവിൽ യുദ്ധാനന്തര ഗസ്സയുടെ മാസ്റ്റർ പ്ലാനും അജണ്ട

അമ്മാൻ: ഇസ്രായേലിൽ പ്രധാനമന്ത്രിയും പ്രസിഡന്റും യുദ്ധമന്ത്രിസഭയുമടക്കം എല്ലാവരെയും കണ്ടശേഷം അറബ് നേതാക്കളെ കാണാനായി അമ്മാനിലെത്തിയ അമേരിക്കൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് മുന്നിൽ ലക്ഷ്യങ്ങളേറെ. മാനുഷികമായ താത്കാലിക വെടിനിർത്തൽ ഇടവേളയാണ് തന്റെ ആവശ്യമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടാകില്ലെന്ന് ഇസ്രായേൽ നയം വ്യക്തമാക്കിയതോടെ ആ ദൗത്യം അവസാനിച്ചമട്ടാണ്. അതുകഴിഞ്ഞ് ഇസ്രായേൽ വിട്ട ബ്ലിങ്കൻ അറബ് നേതാക്കൾക്ക് മുന്നിൽ എത്തുന്നത് ഇസ്രായേൽ ആക്രമണത്തിനു ശേഷമുള്ള ഗസ്സയെ കുറിച്ച പദ്ധതികൾകൂടി കണ്ടാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലബനാൻ പ്രധാനമന്ത്രി നജീബ് മീകാത്തിയുമായിട്ടായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. തുടർന്ന് സൗദി അറേബ്യ, ഖത്തർ, ജോർഡൻ, ഈജിപ്ത് എന്നിവയുടെ വിദേശകാര്യ മന്ത്രിമാരുമായുള്ള ചർച്ചകൾ. ഗസ്സയുടെ ഭാവി പദ്ധതികൾ സംബന്ധിച്ച ചർച്ചകൾക്കില്ലെന്നാണ് നിലപാടെന്ന് ഈജിപ്ത് പ്രതിനിധി വ്യക്തമാക്കിയതോടെ അതും മുന്നോട്ടുപോയേക്കില്ലെന്നാണ് സൂചന. ഇസ്രായേലിലെ അംബാസഡറെ തിരിച്ചുവിളിച്ച തുർക്കിയിലും അദ്ദേഹം സന്ദർശനം നടത്തുന്നുണ്ട്.

യുദ്ധം താൽക്കാലികമായി നിർത്തുന്നത് ഗസ്സയിലേക്ക് കൂടുതൽ സഹായം അനുവദിക്കുമെന്നും ഫലസ്തീൻ പൗരന്മാരെ സംരക്ഷിക്കുമെന്നും ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കാൻ നയതന്ത്രം നീക്കത്തിനും ഇത് സഹായകമാകുമെന്നുമാണ് വെള്ളിയാഴ്ച ഇസ്രായേൽ സന്ദർശിച്ച ബ്ലിങ്കൻ പറഞ്ഞത്.

രണ്ടാഴ്ചമുമ്പ് ഇതേ ആവശ്യമുന്നയിച്ച് നേരത്തെ യു.എൻ സുരക്ഷ കൗൺസിലിൽ വന്ന പ്രമേയം വീറ്റോചെയ്തത് അമേരിക്കയാണ്. ഇപ്പോഴുള്ള ബ്ലിങ്കന്റെ പരാമർശം നിലപാട് മാറ്റത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഫലസ്തീൻ വിഷയത്തിൽ ബൈഡൻ ഭരണകൂടത്തിനെതിരെ അമേരിക്കയിൽ ഉയരുന്ന പൊതുജന രോഷം ശമിപ്പിക്കാനുള്ള പ്രസ്താവന മാത്രമായാണ് ഫലസ്തീൻ അനുകൂല ഗ്രൂപ്പുകൾ കാണുന്നത്.

അതേസമയം, സമ്പൂർണ വെടിനിർത്തലില്ലാതെ മാനുഷിക സഹായത്തിനുള്ള താത്കാലിക വെടിനിർത്തലെന്ന ബ്ലിങ്കന്റെ പ്രസ്താവനക്കെതിരെയും കടുത്ത എതിർപ്പാണ് ഫലസ്തീൻ അനുകൂല സമൂഹത്തിൽ ഉയരുന്നത്. ഫലസ്തീനികൾക്ക് ഭക്ഷണം വാങ്ങാനായി വെടിനിർത്തുകയും പിന്നീട് അവരെ ബോംബിട്ടു കൊല്ലുകയും ചെയ്യുക എന്ന അസംബന്ധമാണ് ഈ നയമെന്നും ഇത് സ്വീകാര്യമല്ലെന്നും അങ്ങനെയൊരു വെടിനിർത്തൽ ഫലസ്തീനികൾ ആഗ്രഹിക്കുന്നില്ലെന്നും അവർ പറയുന്നു. 

Tags:    
News Summary - Post war Gaza's Master Plan and Agenda in Blinken's Third Coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.