ജിദ്ദ: ഗസ്സക്കുനേരെ ഇസ്രായേൽ നടത്തുന്ന ആക്രമണവും അവശ്യസാധനങ്ങൾക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയ ഉപരോധവും പിൻവലിക്കാൻ സമ്മർദം കടുപ്പിച്ച് സൗദി അറേബ്യ. അതിനായി ലോകത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമം വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാന്റെ നേതൃത്വത്തിൽ തുടരുന്നു. വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു. ഇസ്രായേൽ മാനുഷിക നിയമം പാലിക്കുകയും ഗസ്സയിലെ ഉപരോധം പിൻവലിക്കുകയും വേണമെന്ന് അദ്ദേഹം ഫോൺ സംഭാഷണങ്ങൾക്കിടെ ആവർത്തിച്ച് ഉന്നയിച്ചു. അതിനായി എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള സമ്മർദം ഇസ്രായേലിനു മേലുണ്ടാവാൻ അദ്ദേഹം ആവശ്യപ്പെട്ടു.
യു.കെ, അൽബേനിയ, ഇന്തോനേഷ്യ, ഗാബോൺ, ബ്രസീൽ, നോർവേ, ഇന്ത്യ, മാൾട്ട എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായും യൂറോപ്യൻ യൂനിയൻ ഫോർ ഫോറിൻ അഫയേഴ്സ് ആൻഡ് സെക്യൂരിറ്റി ഉന്നത പ്രതിനിധിയുമായാണ് അദ്ദേഹം ഫോണിൽ സംസാരിച്ചത്. ഫലസ്തീനിലെ ഇസ്രായേൽ ആക്രമണവും ഗസ്സയിലെ ഉപരോധവും എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെയും ഇതിനായി രക്ഷസമിതിയിൽ പ്രവർത്തിക്കേണ്ടതിന്റെയും പ്രാധാന്യം സംഭാഷണങ്ങളിലെല്ലാം മന്ത്രി ഊന്നിപ്പറഞ്ഞു.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി സംസാരിക്കുന്നതിനിടയിൽ ഗസ്സയിലെയും പരിസരങ്ങളിലെയും സാഹചര്യങ്ങളും ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇക്കാര്യത്തിൽ നടത്തിയ അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ചും ചർച്ച നടത്തി.
ഏതെങ്കിലും വിധത്തിൽ സിവിലിയന്മാരെ ലക്ഷ്യംവെക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന സൗദി നിലപാട് അദ്ദേഹം ആവർത്തിച്ചു. സൈനിക ഇടപെടൽ ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്. ഉപരോധവും പിൻവലിക്കണം. സിവിലിയന്മാർക്ക് ദുരിതാശ്വാസവും മാനുഷിക സഹായവും എത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ രക്ഷാസമിതിയിലെ സ്ഥിരാംഗം എന്ന നിലയിൽ പ്രവർത്തിക്കണമെന്നും ബ്രിട്ടനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീൻ വിഷയത്തിലുള്ള സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ നടപ്പാക്കാൻ വൈകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇതേ വിഷയങ്ങൾ യൂറോപ്യൻ യൂനിയൻ ഫോർ ഫോറിൻ അഫയേഴ്സ് ആൻഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി ജോസഫ് ബോറെലുമായും സൗദി മന്ത്രി സംസാരിച്ചു.
സൈനിക നടപടി നിർത്താൻ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തേണ്ടതിന്റെയും ഗസ്സയിൽനിന്ന് ജനങ്ങളെ നിർബന്ധമായി കുടിയിറക്കാനുള്ള ശ്രമം തടയേണ്ടതിന്റെയും പ്രാധാന്യം ഇരുവരും എടുത്തുപറഞ്ഞു. ഗസ്സയിലേക്ക് ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതുൾപ്പെടെയുള്ള അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ഇസ്രായേൽ പാലിക്കണമെന്നും ഉപരോധം ഉടൻ പിൻവലിക്കണമെന്നും പശ്ചിമേഷ്യയിലും ലോകത്താകെയും സുരക്ഷിതത്വവും സുസ്ഥിരതയും ഉറപ്പാക്കി ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും സൗദി മന്ത്രി ചൂണ്ടിക്കാട്ടി.
അൽബേനിയൻ വിദേശകാര്യ മന്ത്രി ഇഗ്ലി ഹസാനി, ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെത്നോ മർസുദി, ഗാബോൺ വിദേശകാര്യ മന്ത്രി ഒനാംഗ എൻഡിയ, ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേര, സ്വീഡൻ വിദേശകാര്യ മന്ത്രി ടോബിയാസ് ബിൽസ്ട്രോം, നോർവേ വിദേശകാര്യ മന്ത്രി ആനെകിൻ ഹോയിറ്റ്ഫെൽഡ്, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്ശങ്കർ, മാൾട്ട വിദേശകാര്യ മന്ത്രി ഇയാൻ ബോർഗ് എന്നിവരുമായും ഫോണിൽ ഇതേ വിഷയങ്ങൾ തന്നെ സൗദി വിദേശകാര്യ മന്ത്രി സംസാരിച്ചു.
ഐക്യരാഷ്ട്ര സഭയിലടക്കം വിഷയം ഗൗരവത്തിലുന്നയിച്ച് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ എല്ലാവരിൽനിന്നും ഉണ്ടാകണമെന്നും ഗസ്സയിലേക്ക് മാനുഷിക ഇടനാഴി തുറക്കാനും ഉപരോധം പിൻവലിക്കാനും സൈനിക നടപടി നിർത്താനും എല്ലാവരും ഒറ്റക്കെട്ടായി ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.