യു.എസിലെ ബംഗ്ലാദേശ് കോൺസുലേറ്റിലും ഇരച്ചുകയറി പ്രക്ഷോഭകാരികൾ; മുജീബുർ റഹ്മാന്റെ ചിത്രം നീക്കി

ന്യൂയോർക്ക്: ബംഗ്ലാദേശിൽ ആഭ്യന്തര പ്രക്ഷോഭം തുടരുന്നതിനിടെ, പ്രതിഷേധക്കാർ ന്യൂയോർക്കിലെ കോൺസുലേറ്റിലും ഇരച്ചുകയറി. ഉദ്യോഗസ്ഥരെ നിർബന്ധിച്ച്, ബംഗ്ലാദേശ് സ്ഥാപകനായ ശൈഖ് മുജീബുർ റഹ്മാന്റെ ചിത്രങ്ങൾ നീക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തൊഴിൽ സംവരണ വ്യവസ്ഥയെ എതിർത്തുകൊണ്ട് നടന്ന പ്രക്ഷോഭത്തെ തുടർന്ന് തിങ്കളാഴ്ച മുജീബുർ റഹ്മാന്റെ മകൾ കൂടിയായ ശൈഖ് ഹസീന പ്രധാനമന്ത്രി പദമൊഴിഞ്ഞ് രാജ്യംവിട്ടിരുന്നു.

ഒരു മാസത്തിലേറെയായി നടക്കുന്ന പ്രക്ഷോഭത്തിൽ 300ലേറെ പേർക്ക് ജീവൻ നഷ്ടമായി. ഹസീന പലായനം ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭവനിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ അവിടം താറുമാറാക്കി. കൈയിൽ കിട്ടിയതെല്ലാം കൊള്ളയടിച്ചാണ് പ്രക്ഷോഭകാരികൾ പുറത്തിറങ്ങിയത്. അതേസമയം യു.എസിലെ കോൺസുലേറ്റിൽ എന്തിനാണ് പ്രതിഷേധം നടന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഹസീന രാജ്യംവിട്ടതിനു പിന്നാലെ ഇടക്കാല സർക്കാറിനെ ഉടൻ നിയമിക്കുമെന്ന് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ അറിയിച്ചു. നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാറിനെ നയിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബംഗ്ലാദേശിലെ നിലവിലെ വെല്ലുവിളി നേരിടാൻ മുഹമ്മദ് യൂനുസ് വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണെന്നാണ് ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിനോട് ഡോ. മുഹമ്മദ് യൂനുസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ബംഗ്ലാദേശിൽ ഗ്രാമീൺ ബാങ്ക് സ്ഥാപിച്ച് ചെറുകിട സംരംഭങ്ങൾക്ക് പിന്തുണ നൽകിയ സാമ്പത്തിക വിദഗ്ധനാണ് ഡോ. മുഹമ്മദ് യൂനുസ്.

Tags:    
News Summary - Protesters storm Bangladesh consulate in US, take down Mujibur Rahman's portrait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.