ന്യൂഡൽഹി: കൊലപാതകികളായ ഇസ്രായേലിനെ യുദ്ധത്തിൽ സഹായിച്ചതിന് ഇന്ത്യൻ ജനത തങ്ങളുടെ സർക്കറിനെ പ്രതിക്കൂട്ടിൽ നിർത്തണമെന്ന് എഴുത്തുകാരൻ രാമചന്ദ്ര ഗുഹ. ‘സ്ക്രോളി’ൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഒക്‌ടോബർ ഏഴിന് ഹമാസ് തെക്കൻ ഇസ്രായേലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. തൊട്ടുപിന്നാലെ ഇസ്രായേൽ യുദ്ധം ആരംഭിച്ചു. അന്നു തുടങ്ങിയ മാരക ആക്രമണം ഗസ്സയിൽ നാശം വിതച്ചതിനുശേഷം ഇപ്പോൾ ലെബനാനിനുനേർക്ക് തിരിഞ്ഞിരിക്കുകയാണെന്നും ഇവിടെയും നിരപരാധികൾക്ക് നേരെയാണ് ആക്രമണമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.
ഇസ്രായേൽ- ഹമാസ് ആക്രമണത്തിന്റെ ഒന്നാംവാർഷികം ഇന്ത്യൻ ജനത അനുസ്മരിക്കുകയും നിരപരാധികളായ ഫലസ്തീനികളുടെ കൂട്ടക്കൊലയെ കുറിച്ച് സംസാരിക്കുകയും ചെയ്യുമ്പോൾ ഇസ്രായേൽ ഭരണകൂടത്തിന് സഹായം നൽകിയതിൽ ഇന്ത്യൻ ഭരണകൂടത്തിനെയും പ്രതിക്കൂട്ടിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് രാമചന്ദ്ര ഗുഹ പറയുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ ഭരണകൂടവും ഹമാസും യുദ്ധക്കുറ്റത്തിന് കുറ്റക്കാരാണെന്ന് വിധിച്ചിട്ടുണ്ട്. ഇതിൽ ഇസ്രായേൽ ഭരണകൂടത്തിന്റെ യുദ്ധ കുറ്റങ്ങൾ വളരെ വലുതുമാണ്.
ഗസ്സയിലെ വെടിനിർത്തൽ പ്രഖ്യാപിക്കാനും ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രമേയങ്ങളെ പിന്തുണക്കാതിരിക്കുക എന്നതാണ് ഇന്ത്യൻ ഭരണകൂടം ചെയ്ത ആദ്യത്തെ തെറ്റ്. ഇസ്രായേലിലേക്ക് യുദ്ധത്തിനായി തൊഴിലാളികളെ അയച്ചു എന്നതാണ് രണ്ടാമതായി ഇന്ത്യൻ ഭരണകൂടം ചെയ്ത വലിയ തെറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ ഇസ്രായേലിനെ പിന്തുണക്കുന്നതിന്റെ പ്രധാന കാരണം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ദശാബ്ദങ്ങളിൽ നീണ്ട സൗഹൃദമാണ്. രണ്ടാമത്തെ കാരണം, ഇസ്രായേൽ ആക്രമിക്കുന്നത് മുസ്‌ലിം വിഭാഗത്തെയാണ്. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ പ്രചാരകരും ഇതിനെ പിന്തുണക്കുന്നു.
അമ്പതിനായിരത്തിൽ അധികം ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കൊന്നു തള്ളി. അതിൽ 90ശതമാനം പേരും സാധാരണക്കാരായിരുന്നു. ലക്ഷത്തിലധികം പേർ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ടു. ഇതൊന്നും കഷ്ടപ്പാടുകളുടെ യഥാർഥ തോത് പ്രതിഫലിപ്പിക്കുന്നില്ല. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അല്ലെങ്കിൽ ഏതാനും ആഴ്ചകൾക്ക് ശേഷം ഇസ്രായേൽ ബോംബാക്രമണം അവസാനിപ്പിക്കുമെന് കരുതിയിരുന്നു. എന്നാൽ, പ്രതികാരത്തിന്റെ ക്രൂരമായ ആക്രമണം ഇപ്പോൾ ഒരു വർഷം പിന്നിടുന്നു.
ഗസ്സയിൽ നാശം വിതച്ചതിനുശേഷം ഇസ്രായേൽ ഇപ്പോൾ ലെബനാനിനേരെ തീ പടർത്തുകയാണ്. ഇവിടെയും തീവ്രവാദികളെയും നിരപരാധികളെയും വേർതിരിച്ചറിയാൻ ശ്രമിച്ചിട്ടില്ല. പ്രത്യേക വ്യക്തികളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൽ നൂറുകണക്കിന് ലെബനീസ് പൗരന്മാരെ കൊല്ലുകയും അനേകം പേരെ പലായനത്തിന് നിർബന്ധിതരാക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ ഭരണകൂടവും ഹമാസും യുദ്ധക്കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് വിധിച്ചു. ഇത് തികച്ചും ന്യായമാണ്. കഴിഞ്ഞ ഒക്ടോബറിൽ ഹമാസ് നടത്തിയ സിവിലിയൻമാരുടെ കൊലപാതകങ്ങളെ ന്യായീകരിക്കാനോ വിശദീകരിക്കാനോ കഴിയില്ല. എന്നാൽ, ഇസ്രായേൽ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങൾ നിസ്സംശയമായും വലുതാണ്. പ്രതികാരം ചെയ്യുന്നതിനായി അത് വിവേചനരഹിതമായി പ്രവർത്തിച്ചു. സ്‌കൂളുകളും ആശുപത്രികളും ബോംബെറിഞ്ഞും തകർക്കുകയും നിരപ്പാക്കുകയും ചെയ്തു. പതിനായിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കിയതിനു പുറമേ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണം തടഞ്ഞുവെക്കുകയോ സമൂലമായി നിയന്ത്രിക്കുകയോ ചെയ്തുകൊണ്ട് എണ്ണമറ്റ ആളുകളെ പട്ടിണിയുടെ വക്കിലേക്ക് തള്ളിയിട്ടുവെന്നും രാമചന്ദ്ര ഗുഹ ലേഖനത്തിൽ തുറന്നുകാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.