രാജിയിൽ തട്ടിവീണ് ഋഷി സുനകിന്റെ തേരോട്ടം

ലണ്ടൻ: ഇന്ത്യയും ലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇന്ത്യൻ വംശജനായ ഋഷി സുനകിന്റെ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലേക്കുള്ള ചരിത്രപരമായ തേരോട്ടത്തിന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയായ ലിസ് ട്രസ് കടിഞ്ഞാണിട്ടു.

മുൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറും ഓക്‌സ്‌ഫഡ്, സ്റ്റാൻഫോഡ് യൂനിവേഴ്‌സിറ്റി ബിരുദധാരിയുമായ ഋഷി സുനക് 2015ൽ യോർക്ക്ഷെയറിലെ ടോറി കോട്ടയായ റിച്ച്‌മണ്ടിൽനിന്ന് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ മന്ത്രിസ്ഥാനങ്ങളിൽനിന്ന് ധനമന്ത്രിയായി വേഗം ഉയർന്നു.

യൂറോപ്യൻ യൂനിയൻ വിടാനുള്ള ബ്രെക്സിറ്റ് പദ്ധതിയുടെ പശ്ചാത്തലത്തിൽ 2019ലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ ബോറിസ് ജോൺസനെ തുടക്കംമുതൽ വിവാദങ്ങൾ പിന്തുടർന്നു. കോവിഡ്കാലത്ത് ലോക്ഡൗൺ ചട്ടങ്ങൾ മറികടന്ന് മദ്യസൽക്കാരമടക്കമുള്ള ആഘോഷങ്ങൾ നടത്തിയതാണ് രാജിയിലേക്ക് നയിച്ചത്. 'പാർട്ടിഗേറ്റ്' എന്ന ഈ വിവാദത്തിന്റെ പേരിൽ പാർലമെന്റിൽ ക്ഷമാപണം നടത്തേണ്ടിവന്നു, ചട്ടലംഘനത്തിന് പൊലീസ് പിഴ ചുമത്തുകയും ചെയ്തു. പിന്നാലെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബ്രിട്ടൻ കൂപ്പുകുത്തി.

വിലക്കയറ്റം രൂക്ഷമായി. പ്രധാനമന്ത്രിയിൽ അവിശ്വാസം പ്രഖ്യാപിച്ച് മന്ത്രിസഭയിലെ 50 പേർ രാജിവെച്ചൊഴിയുകയും പാർട്ടി എം.പിമാരിൽ ഭൂരിപക്ഷവും എതിരാവുകയും ചെയ്തതോടെ ബോറിസ് ജോൺസന് മറ്റു വഴികളില്ലാതായി. ജൂലൈ ഏഴിന് രാജിവെക്കേണ്ടിവന്നു. ധനമന്ത്രിയായിരുന്ന ഋഷി സുനകാണ് സർക്കാറിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയിൽ ഈ രാജിയാണ് സുനകിന് ഏറെ വെല്ലുവിളി ഉയർത്തിയത്. ബോറിസ് ജോൺസനെ താഴെയിറക്കാൻ കാരണക്കാരനെന്ന പഴിയും സുനകിന്റെ ചുമലിലായി.

2020 ഫെബ്രുവരിയിലാണ് 42കാരനായ സുനകിനെ ധനമന്ത്രിയായി ബോറിസ് ജോൺസൻ നിയമിച്ചത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷതയാണ് ഭാര്യ.

Tags:    
News Summary - Rishi Sunak's defeated by liz Truss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.