ലണ്ടൻ: ഇന്ത്യയിലെ ഐ.ടി ഭീമൻമാരിലൊന്നായ ഇൻഫോസിസിന്‍റെ ഓഹരികൾ കഴിഞ്ഞദിവസം ഗണ്യമായി ഇടിഞ്ഞതോടെ ബ്രിട്ടീഷ് പ്രധാന മന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷതാ മൂർത്തിക്ക് നഷ്ടമായത് 61 ദശലക്ഷം ഡോളർ(ഏകദേശം 500 കോടിയിലധികം രൂപ). ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതാ മൂർത്തിക്ക് കമ്പനിയിൽ 0.94 ശതമാനം ഓഹരിയുണ്ട്. കമ്പനിയുടെ ഓഹരികളിൽ 9.4% ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
അക്ഷതയുടെ സമ്പത്തും ഇടപെടലുകളും ഋഷി സുനകിന്റെ രാഷ്ട്രീയ ജീവിതത്തിൽ എപ്പോഴും വിവാദത്തിനിടയാക്കാറുണ്ട്. അക്ഷതയ്ക്ക് നോൺ-ഡൊമിസൈൽ പദവിയും വിദേശ വരുമാനത്തിന് യു.കെയിൽ നികുതി അടച്ചിട്ടില്ലെന്നും തെളിഞ്ഞത് കഴിഞ്ഞ വർഷം ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ബ്രിട്ടനിൽ 15 വർഷം വരെ നികുതിയടക്കാതെ വിദേശത്ത് പണം സമ്പാദിക്കാൻ അനുവദിക്കുന്നതാണ് നോൺ-ഡോമിസൈഡ് പദവി. അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിയുടെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഋഷി സുനക്കിനെതിരെ പാർലമെന്‍റ് സമിതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം പതിമൂന്നിനാണ് അന്വേഷണം ആരംഭിച്ചത്.
ഇൻഫോസിസിന്റെ ഓഹരി പങ്കാളിത്തത്തിൽ നിന്ന് 68.17 കോടി രൂപ ലാഭവിഹിതം നേടുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.