ജിദ്ദ: 22ാമത് അറബ് റേഡിയോ ആൻഡ് ടെലിവിഷൻ മേളക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കങ്ങൾ റിയാദിൽ പൂർത്തിയായി. നവംബർ ഒമ്പതു മുതൽ 12 വരെയാണ് മേള. നാലു പതിറ്റാണ്ടിലേറെയായി തുനീഷ്യയിലെ ആസ്ഥാന നഗരമാണ് അറബ് മാധ്യമ മേളക്ക് വേദിയായിരുന്നത്. ആദ്യമായാണ് തുനീഷ്യക്കു പുറത്ത് വേദിയൊരുങ്ങുന്നത്.മീഡിയ ഫ്യൂച്ചർ എക്സിബിഷനും (ഫോമെക്സ്) മേളയിൽ നടക്കും. മേളക്ക് സൗദി ആതിഥേയത്വം വഹിക്കുന്നത് രാജ്യം സാക്ഷ്യംവഹിക്കുന്ന പരിവർത്തനങ്ങൾക്ക് അനുസൃതമാണെന്ന് അറബ് ബ്രോഡ്കാസ്റ്റിങ് യൂനിയൻ പ്രസിഡൻറും സൗദി റേഡിയോ ആൻഡ് ടെലിവിഷൻ കോർപറേഷൻ സി.ഇ.ഒയുമായ മുഹമ്മദ് അൽഹാരിതി പറഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട മാധ്യമവ്യവസായത്തിന്റെ തലസ്ഥാനമായി ഇത് റിയാദിനെ മാറ്റും.'വിഷൻ 2030'ന്റെ വെളിച്ചത്തിൽ രാജ്യം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക, വികസന നവോത്ഥാനത്തിന്റെയും സാംസ്കാരികവും സാമൂഹികവുമായ പരിവർത്തനങ്ങളുടെയും സ്ഥിരീകരണമെന്ന നിലയിലാണ് റിയാദിൽ മേള സംഘടിപ്പിക്കുന്നത്. വലിയ അന്താരാഷ്‌ട്ര ഇവൻറുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ഉയർന്ന വിഭവശേഷിക്കുള്ള അംഗീകാരമാണിത്.
സൗദി വിനോദസഞ്ചാര മേഖലയെ ഉയർത്തിക്കാണിക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്.മാധ്യമമേഖലയിലെ ഫലപ്രദമായ നിക്ഷേപത്തിന് അവസരങ്ങളുണ്ടാക്കും. ആഗോള, പ്രാദേശിക ചലച്ചിത്ര, ടെലിവിഷൻ രംഗത്തെ അഭിനേതാക്കളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുമെന്നും അൽഹാരിതി പറഞ്ഞു.വികസനങ്ങൾക്ക് അനുസൃതമായി അറബ് ഉൽപാദന വ്യവസായത്തെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾക്കും പങ്കാളിത്തത്തിനും ഇത് സാക്ഷ്യം വഹിക്കും.
അറബ്-ഇസ്ലാമിക നാഗരികതയെയും സമകാലീന അറബ്, ഇസ്ലാമിക യാഥാർഥ്യത്തെയും പരിചയപ്പെടുത്താൻ സാധിക്കും. റേഡിയോ, ടെലിവിഷൻ വർക്കുകളിലും പ്രോഗ്രാമുകളിലും സാംസ്കാരികവും ശാസ്ത്രീയവുമായ അവബോധവും സൗന്ദര്യാത്മക അഭിരുചിയും ഉയർത്താനാകുമെന്നും അൽഹാരിതി പറഞ്ഞു. മേളയിൽ ലോകമെമ്പാടുമുള്ള 1000ത്തിലധികം മാധ്യമപ്രവർത്തകരും ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട മാധ്യമ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
ടെലിവിഷൻ, റേഡിയോ പ്രൊഡക്ഷൻ, സ്പോർട്സ് മീഡിയ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുന്ന 30ലധികം ശിൽപശാലകളും അനുബന്ധ സമ്മേളന സെഷനുകളും മേളയിലുണ്ടാകും.സ്ത്രീകളുടെ പങ്കാളിത്തം, സിനിമയിലെ അവരുടെ പങ്ക്, ചരിത്രത്തിലുടനീളമുള്ള അവരുടെ പ്രശ്‌നങ്ങൾ, ചലച്ചിത്ര നിർമാണവും സ്വതന്ത്ര മാധ്യമപ്രവർത്തനവും തുടങ്ങിയവ കൈകാര്യംചെയ്യുന്ന സെഷനുകളുണ്ടാകും.
ഓഡിയോ വിഷ്വൽ പ്രൊഡക്ഷനിലൂടെ അറബ് മേഖലയെ സമ്പന്നമാക്കിയ നിരവധി മാധ്യമങ്ങളെയും കലാപ്രതിഭകളെയും അറബ് ലോകത്തെ മാധ്യമ ഉള്ളടക്കത്തെ സമ്പന്നമാക്കുന്നതിന് ഫലപ്രദമായ സംഭാവനകൾ നൽകിയ താരങ്ങളെയും മേളയിൽ ആദരിക്കും.ടെലിവിഷൻ, റേഡിയോ മത്സരങ്ങളിൽ വിജയിക്കുന്ന സൃഷ്ടികൾക്ക് സ്വർണം, വെള്ളി മെഡലുകൾ ഉൾപ്പെടെ 60ലധികം സമ്മാനങ്ങൾ നൽകും. അംഗ സംഘടനകൾ, ടെലിവിഷൻ നെറ്റ്‌വർക്കുകൾ, സ്വകാര്യ റേഡിയോ സ്റ്റേഷനുകൾ, അന്താരാഷ്ട്ര അറബി ചാനലുകൾ എന്നിവയുൾപ്പെടെ 200ലധികം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന 'ഫോമക്സ്' പ്രദർശനവും മേളയോടനുബന്ധിച്ച് നടക്കും.
മാധ്യമവ്യവസായത്തിന് ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ നിർമിക്കുന്ന ലോകപ്രശസ്തമായ കമ്പനികൾ, പ്രോഗ്രാം പ്രൊഡക്ഷൻ കമ്പനികൾ, ഓഡിയോ-വിഷ്വൽ പരിപാടികളുടെ വിതരണക്കാർ, സേവനദാതാക്കൾ എന്നിവരുടെ പങ്കാളിത്തവും പ്രദർശനത്തിലുണ്ടാകുമെന്നും അൽഹാരിതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.