റിയാദ്: ലോക സാംസ്‌കാരിക നഗര സൂചികയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി സൗദിയുടെ തലസ്ഥാന നഗരി. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സംഭവ വികാസങ്ങൾ നഗരങ്ങളിൽ ചെലുത്തുന്ന സ്വാധീനം പരിശോധിക്കുന്ന 'മാനേജ്‌മെന്റ് കൺസൾട്ടന്റ് കീയർനി'യുടെ ഗ്ലോബൽ സിറ്റീസ് റിപ്പോർട്ട് പ്രകാരം റിയാദാണ് ലോകത്തിൽ ഏറ്റവും ഉയർന്ന പോയന്റ് നേടിയ നഗരം. ആഗോള സൂചികയിൽ 46 പോയന്റിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്.
2019ൽ സൗദി അറേബ്യയുടെ ദേശീയ സാംസ്കാരിക നയം രൂപവത്കൃതമായത് മുതൽ രാജ്യം കൈവരിച്ച വിപുലമായ സാമൂഹിക, സാംസ്കാരിക നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് സൂചികയിലെ ഉയർന്ന പദവിയെന്ന് വിലയിരുത്തപ്പെടുന്നു.സാംസ്കാരിക മന്ത്രാലയത്തിന്റെ കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 304 മ്യൂസിയങ്ങൾ, 85 ലൈബ്രറികൾ, 262 തിയറ്ററുകൾ, 75 ആർട്ട് ഗാലറികൾ, അത്രത്തോളം തന്നെ പ്രദർശന ഹാളുകൾ, 54 സിനിമാശാലകൾ, 20 സാഹിത്യ കോഫി ഷോപ്പുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. സമീപ വർഷങ്ങളിൽ ഇവയിൽ പലതിലും ഗണ്യമായ വർധനയാണുണ്ടായത്.
സൗദി അറേബ്യയുടെ പുരോഗമനപരമായ നയങ്ങളും തീരുമാനങ്ങളും രാജ്യത്തെ സുസ്ഥിര വളർച്ചയിലേക്ക് നയിക്കുക മാത്രമല്ല, പൗരന്മാരുടെയും താമസക്കാരുടെയും ദീർഘകാല ക്ഷേമം സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് കിയർനിയുടെ ട്രാൻസ്‌ഫർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് പങ്കാളിയായ റുഡോൾഫ് ലോഹ്മെയർ പറഞ്ഞു. സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030'ന് കീഴിൽ ഊർജസ്വലമായ സമൂഹസൃഷ്ടി നടത്താനുള്ള ഭരണകൂട ശ്രമങ്ങളുടെ ഗുണഫലംകൂടിയാണ് തലസ്ഥാന നഗരിയുടെ മുന്നേറ്റമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയിൽ ജീവിക്കുന്ന ആളുകൾ അവരുടെ സാംസ്കാരിക പൈതൃകത്തിൽ അവബോധമുള്ളതും അഭിമാനിക്കുന്നവരുമാകുന്നത് റിയാദിനെ സംബന്ധിച്ച് നല്ലൊരു സാംസ്കാരിക അനുഭവമാണ്, രാജ്യത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ വിജയത്തിന് സംഭാവന നൽകാൻ പൗരസമൂഹം പ്രതിജ്ഞാബദ്ധരാകുമ്പോൾ വിശേഷിച്ചും -ലോഹ്മെയർ കൂട്ടിച്ചേർത്തു.
മൂലധന കമ്പോള വിഭാഗത്തിൽ ഗൾഫ് മേഖലയിൽതന്നെ റിയാദ് ഉയർന്നു നിൽക്കുകയും വിദേശി ജനസംഖ്യയിൽ ഒന്നാംസ്ഥാനത്ത് തുടരുകയും ചെയ്യുന്നു.പ്രതീക്ഷിച്ചതിലും ഉയർന്ന ആഗോള പണപ്പെരുപ്പം, റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തോടെ സാമ്പത്തികരംഗത്തുണ്ടായ തകർച്ച, രാഷ്ട്രീയരംഗത്തെ അനിശ്ചിതത്വം, കാലാവസ്ഥ വ്യതിയാനത്തിന്റെ വർധിച്ചുവരുന്ന പ്രത്യാഘാതങ്ങൾ എന്നിവക്കിടയിലും ബിസിനസ് മേഖലയിൽ പ്രകടമാകുന്ന ഉണർവിനും മൂലധന രംഗത്തെ കാര്യക്ഷമതക്കും നാല് പോയന്റാണ് റിയാദ് നഗരം രേഖപ്പെടുത്തിയത്.
ഈ ഗണത്തിൽ ജിദ്ദയും അതിന്റെ സ്ഥാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. മദീനക്കുമുണ്ട് മുന്നേറ്റം. മക്കയും അബഹയും അവരുടെ വിവര കൈമാറ്റത്തിനാണ് സൂചികയിൽ മികവ് പ്രകടമാക്കിയത്. അതേസമയം, മാനുഷിക മൂലധനം, വിവര കൈമാറ്റം, മെച്ചപ്പെട്ട സാംസ്കാരിക അനുഭവം, രാഷ്ട്രീയ ഇടപെടലുകൾ എന്നിവയുടെ പിൻബലത്തിൽ ആഗോള സൂചികയിൽ ദമ്മാമിന് 11 പോയന്റ് നേട്ടമുണ്ടായി.
സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷി പരീക്ഷണങ്ങൾക്ക് വിധേയമാകുന്ന ആഗോള സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കുതിപ്പ് നിലനിർത്തൽ ശ്രമകരമാണെന്നും ലോഹ്മെയർ പറഞ്ഞു. പ്രാദേശിക, ദേശീയ തലങ്ങളിൽ സാമൂഹിക-സാമ്പത്തിക സംവിധാനത്തിനുള്ളിൽ നിന്നുകൊണ്ടുള്ള പുനർനിക്ഷേപം, വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, വിവേകപൂർണമായ തീരുമാനങ്ങളെടുക്കൽ എന്നിവയിലൂടെ രാജ്യങ്ങൾക്കു വേറിട്ടു നിൽക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.