ഫലസ്തീനെ അനുകൂലിക്കുന്നവരുടെ 300ലധികം വിസകൾ റദ്ദാക്കിയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി; ഇസ്രായേലിനെതിരെ പ്രതിഷേധിച്ചവർ ‘ഭ്രാന്തൻമാരെ’ന്നും ആക്ഷേപം

ഫലസ്തീനെ അനുകൂലിക്കുന്നവരുടെ 300ലധികം വിസകൾ റദ്ദാക്കിയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി; ഇസ്രായേലിനെതിരെ പ്രതിഷേധിച്ചവർ ‘ഭ്രാന്തൻമാരെ’ന്നും ആക്ഷേപം

വാഷിംങ്ടൺ: യു.എസിലെ കാമ്പസുകളിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 300ലധികം പേരുടെ വിസ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. കൂടാതെ പ്രതിഷേധിക്കുന്നവരെ ‘ഭ്രാന്തൻമാർ’ എന്നു വിശേഷിപ്പിച്ച റൂബിയോ ഇനി ദിവസവും നടപടിയുണ്ടാവുമെന്നും പറഞ്ഞു. വിസ റദ്ദാക്കൽ കാമ്പെയ്‌ൻ പ്രതിഷേധവുമായി ബന്ധപ്പെട്ട നടപടികൾക്കപ്പുറം വളരെ വിശാലവും കൂടുതൽ ആക്രമണാത്മകവുമായ നാടുകടത്തൽ നിർവഹണ തന്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ വാക്കുകൾ.

‘ഇപ്പോൾ 300ൽ കൂടുതൽ പേർ ഉണ്ടാകാം. ഞങ്ങൾ എല്ലാ ദിവസവും ഇത് ചെയ്യും. ഓരോ തവണയും ഈ ഭ്രാന്തന്മാരിൽ ഒരാളെ കണ്ടെത്തും’ - റൂബിയോ മാധ്യമപ്രവർത്ത​കരോട് പറഞ്ഞു. ഈ നയം നടപ്പിലാക്കുന്നതിന്റെ ഒരു സമീപകാല ഉദാഹരണമാണ് ടഫ്സ് യൂനിവേഴ്സിറ്റിയിലെ റുമൈസ ഓസ്തുർക്കിനെ പകൽ വെളിച്ചത്തിൽ മുഖംമൂടി ധരിച്ച ഏജന്റുമാർ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തത്. ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക്, ടഫ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

കാമ്പസിലെ വിദ്യാർഥികളുടെ പത്രത്തിൽ എഴുതിയ ഒരു ലേഖനത്തിൽ ഫലസ്തീനികളെ പിന്തുണച്ചതിനു പിന്നാലെയാണ് ഒസ്തുർക്കിന്റെ അറസ്റ്റും വിസ റദ്ദാക്കലും ഉണ്ടായത്. അവർ ‘ഹമാസിനെ പിന്തുണക്കുന്ന പ്രവർത്തനങ്ങളിൽ അവർ ഏർപ്പെട്ടിരുന്നു’ എന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ആരോപിച്ചു. അക്കാദമിക് സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമായി ഈ നീക്കം വിമർശിക്കപ്പെടുന്നു.

‘ഞങ്ങൾ അവരുടെ വിസ റദ്ദാക്കി... ഒരിക്കൽ നിങ്ങളുടെ വിസ നഷ്ടപ്പെട്ടാൽ, പിന്നെ നിങ്ങൾ നിയമപരമായി അമേരിക്കയിൽ ഇല്ല... നിങ്ങൾ ഒരു സന്ദർശകയായി യു.എസിൽ വന്ന് ഒരു കോലാഹലം സൃഷ്ടിച്ചാൽ, അത് ഞങ്ങളുടെ രാജ്യത്ത് വേണ്ട. തിരികെ പോയി നിങ്ങളുടെ രാജ്യത്ത് അത് ചെയ്യുക’ -റൂബിയോ കടുത്ത സ്വരത്തിൽ പറഞ്ഞു.

ട്രംപ് ഭരണകൂടം ഒരേസമയം മറ്റ് നിയന്ത്രണ നടപടികളും കൈകൊണ്ടിട്ടുണ്ട്. ചില അഭയാർഥികൾക്കും അഭയം തേടുന്നവർക്കും ഗ്രീൻ കാർഡ് പ്രോസസ്സിംഗ് താൽക്കാലികമാക്കുക, വളരെ കുറച്ച് മാത്രമുള്ള ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് പ്രവേശനം നിഷേധിക്കാൻ വിസ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Rubio boasts of canceling more than 300 visas over pro Palestine protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.