മോസ്കോ: തിങ്കളാഴ്ച പുലർച്ചെ മോസ്കോയിലും ക്രിമിയയിലും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ മുഖ്യ കാര്യാലയത്തിനു സമീപമാണ് ഒരു ഡ്രോൺ പതിച്ചത്. ആൾത്താമസമില്ലാത്ത രണ്ടു കെട്ടിടങ്ങളിലാണ് ഡ്രോണുകൾ പതിച്ചതെന്നും ആളപായമില്ലെന്നും മോസ്കോ മേയർ സെർജി സൊബ്നിൻ പറഞ്ഞു. ഡ്രോൺ ആക്രമണത്തെ നിർവീര്യമാക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മോസ്കോയുടെ മധ്യത്തിലുള്ള കൊംസമോൾസ്കി ഹൈവേക്കു സമീപമാണ് ഡ്രോണുകളിലൊന്ന് തകർന്നുവീണതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീഴ്ചയിൽ കടയുടെ ജനവാതിലും വീടിന്റെ മേൽക്കൂരയും തകർന്നു. നദിക്കരയിലുള്ള പ്രതിരോധമന്ത്രാലയ കെട്ടിടത്തിന്റെ 200 മീറ്റർ അരികെയാണ് സംഭവം. റഷ്യൻ ഭരണ ആസ്ഥാനമായ ക്രെംലിനിൽനിന്ന് 2.7 കിലോമീറ്റർ മാത്രം അകലെയുള്ള പ്രതിരോധ മന്ത്രാലയ കാര്യാലയമാണോ അതോ മോസ്കോയിലെ മറ്റു കേന്ദ്രങ്ങളാണോ ഡ്രോൺ ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തമല്ല. രണ്ടാമത്തെ ഡ്രോൺ തെക്കൻ മോസ്കോയിലെ ഓഫിസ് കെട്ടിടത്തിലാണ് പതിച്ചത്. അപകടത്തിൽ കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നു. ഡ്രോൺ ആക്രമണം നടന്ന ഭാഗത്തേക്കുള്ള ഗതാഗതം നിർത്തിവെച്ചു.
തിങ്കളാഴ്ച വടക്കൻ ക്രിമിയയിലെ വെടിമരുന്നുശാലക്കു നേരെയും ഡ്രോൺ ആക്രമണം നടന്നതായി റഷ്യൻ അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഈ ഭാഗത്തെ ഗതാഗതവും ട്രെയിൻ സർവിസും നിർത്തിവെച്ചു.
മണിക്കൂറുകൾക്കുശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. വെടിമരുന്നുശാലയുടെ അഞ്ചു കിലോമീറ്റർ പരിധിയിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ നിർദേശം നൽകിയതായി റഷ്യ നിയോഗിച്ച ക്രിമിയൻ ഭരണകൂടത്തിന്റെ തലവൻ സെർജി അക്സ്യോനോവ് പറഞ്ഞു. 11 ഡ്രോണുകൾ വെടിവെച്ചുവീഴ്ത്തിയതായും അദ്ദേഹം പറഞ്ഞു. 17 ഡ്രോണുകളിൽ 11 എണ്ണം നിർവീര്യമാക്കി കരിങ്കടലിൽ പതിപ്പിച്ചതായി റഷ്യൻ സേന അവകാശപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ യുക്രെയ്ൻ ഏറ്റെടുത്തിട്ടില്ല. റഷ്യൻ തലസ്ഥാനത്തിനുനേരെ ഈ മാസം നടക്കുന്ന രണ്ടാമത്തെ ഡ്രോൺ ആക്രമണമാണിത്. ആകാശത്തുനിന്നുള്ള ആക്രമണങ്ങളെ തടയുന്നതിൽ റഷ്യയുടെ ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ പരാജയമാണെന്നാണ് മോസ്കോയിലെയും ക്രിമിയയിലെയും ഡ്രോൺ ആക്രമണങ്ങൾ തെളിയിക്കുന്നതെന്ന് യുക്രെയ്ൻ ഡിജിറ്റൽ ട്രാൻസ്ഫോമേഷൻ മന്ത്രി മൈഖയിലോ ഫെഡറോവ് പറഞ്ഞു. യുക്രെയ്ൻ സൈനിക ഇന്റലിജൻസിന്റെ പ്രത്യേക ഓപറേഷന്റെ ഭാഗമാണ് ആക്രമണങ്ങളെന്ന് യുക്രെയ്ൻ മാധ്യമമായ യുക്രെയ്ൻസ്ക പ്രാവ്ദ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.