യുക്രെയ്നിൽ ഒന്നാംഘട്ട യുദ്ധം വിജയിച്ചെന്ന് റഷ്യ; കിയവിൽ കർഫ്യു

മോസ്കോ: യുക്രെയ്നിൽ ഒന്നാംഘട്ട സൈനിക ഇടപെടൽ വിജയിച്ചെന്ന അവകാശവാദവുമായി റഷ്യൻ സൈന്യം. റഷ്യൻ അനുകൂലികളുടെ കൈവശമുള്ള കിഴക്കൻ മേഖലയിലാണ് ഇനി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും സൈന്യം പറഞ്ഞു. യുക്രെയ്ൻ അധിനിവേശം ഒരു മാസം പിന്നിടുമ്പോഴാണ് റഷ്യയുടെ അവകാശവാദം.

യുക്രെയ്നിൽ റഷ്യക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലിനിടെയാണ് ഒന്നാംഘട്ടം വിജയിച്ചെന്ന് സൈന്യം അവകാശപ്പെടുന്നത്. തലസ്ഥാന നഗരമായ കിയവ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കൊന്നും റഷ്യക്ക് കടന്നുകയറാനായിട്ടില്ല. അതേസമയം, റഷ്യൻ സൈന്യത്തിന് യുക്രെയ്ൻ ശക്തമായ തിരിച്ചടി നൽകിയതായും കനത്ത നഷ്ടമുണ്ടായതായും പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി തിരിച്ചടിച്ചു. അധിനിവേശം തുടങ്ങിയതുമുതൽ 16,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

1,300 സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് റഷ്യ പറയുന്നത്. സ്ലവൂറ്റിച്ച് നഗരത്തിന്‍റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതായി കിയവ് മേഖല ഗവർണർ പറഞ്ഞു. അതിനിടെ, കിയവിൽ പുതിയ കർഫ്യൂ ഏർപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് മുതൽ തിങ്കളാഴ്ച രാവിലെ വരെയാണ് കർഫ്യു. തുറമഖ നഗരമായ മരിയുപോളിന്‍റെ തെരുവുകളിൽ ശക്തമായ പോരാട്ടം തുടരുകയാണെന്ന് സിറ്റി മേയർ അറിയിച്ചു.

റഷ്യൻ യുദ്ധം തുടങ്ങിയതു മുതൽ യുക്രെയ്നിൽ 136 കുട്ടികൾ കൊല്ലപ്പെട്ടതായി പ്രോസിക്യൂട്ടർ ജനറൽ പറഞ്ഞു. എണ്ണ ഉൽപാദക രാജ്യങ്ങളോട് ഉൽപാദനം വർധിപ്പിക്കണമെന്ന് സെലൻസ്ക്കി ആവശ്യപ്പെട്ടു. ഇതിലൂടെ റഷ്യക്ക് അവരുടെ ഇന്ധന സമ്പാദ്യം വെച്ച് മറ്റു രാജ്യങ്ങളെ നിലക്ക്നിർത്തുന്നത് തടയാനാകുമെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - Russia Claims Phase 1 “Success” In Ukraine, Kyiv Under Curfew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.