മോസ്കോ: റഷ്യ-കസാക്കിസ്ഥാൻ അതിർത്തിയിൽ അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് വൻ വെള്ളപ്പൊക്കം. തെക്കൻ യുറലിലെ ഒറെൻബർഗ് മേഖലയിൽ നിന്നും 4,500പേരെ ഒഴിച്ചതായി റഷ്യ അറിയിച്ചു. 1,100 കുട്ടികൾ ഉൾപ്പെടെ 4,402 പേരെ ഒഴിപ്പിച്ചതായും പേമാരിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം 6,000-ത്തിലധികം വീടുകളെ ബാധിച്ചതായും ഒറെൻബർഗ് ഗവർണറുടെ പ്രസ് സർവീസ് അറിയിച്ചു.
പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടിയന്തര സാഹചര്യ മന്ത്രി അലക്സാണ്ടർ കുരെൻകോവിനോട് ഈ മേഖലയിൽ എത്താൻ ഉത്തരവിട്ടതായി ക്രെംലിൻ വക്താവ് ശനിയാഴ്ച പറഞ്ഞു. 2014-ൽ നിർമിച്ച ഡാം തകർന്നതിനാൽ ഇത് നിർമിച്ചവർക്കെതിരെ അശ്രദ്ധയ്ക്കും നിർമാണ സുരക്ഷാ നിയമങ്ങളുടെ ലംഘനത്തിനും ക്രിമിനൽ കേസും എടുത്തിട്ടുണ്ട്.
പ്രധാന നഗരമായ ഒറെൻബർഗിലെ യുറൽ നദിയിൽ അപകടകരമായ ജലനിരപ്പ് ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അരലക്ഷം ജനങ്ങളുള്ള നഗരത്തിന്റെ മേയർ സെർജി സാൽമിൻ, ആവശ്യമെങ്കിൽ വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ആളുകളെ നിർബന്ധിതമായി ഒഴിപ്പിക്കുമെന്ന് പറഞ്ഞു.
ഊരാൾ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നിട്ടുണ്ടെന്നും ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. അപകടമേഖലയിൽ നിന്ന് സ്വമേധയാ പുറത്തുപോകാൻ വിസമ്മതിക്കുന്നവരെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഞങ്ങൾ നിർബന്ധിതമായി ഒഴിപ്പിക്കും. അദ്ദേഹം വ്യക്തമാക്കി.
80 വർഷത്തിനിടെ കസാക്കിസ്ഥാനിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വെള്ളപ്പൊക്കമെന്ന് കസാഖ് പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് പറഞ്ഞു. മധ്യേഷ്യൻ രാജ്യത്തെ അധികാരികൾ ദുരിതബാധിതരെ സഹായിക്കാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബോട്ടുകളിലും ഹോവർക്രാഫ്റ്റുകളിലും രക്ഷാപ്രവർത്തകർ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങൾ റഷ്യൻ എമർജൻസി സർവീസുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.