വാഷിങ്ടൺ: യുക്രെയ്നെ ഏകപക്ഷീയമായി കടന്നാക്രമിച്ച റഷ്യക്കെതിരെ യു.എസും സഖ്യ കക്ഷികളും കടുത്ത സാമ്പത്തിക ഉപരോധ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യാന്തര പണം കൈമാറ്റ ശൃംഖലയായ സ്വിഫ്റ്റിൽ നിന്ന് റഷ്യയുടെ പ്രധാന ബാങ്കുകളെ ഒഴിവാക്കി. ഇന്ത്യ ഉൾപ്പെടെ 200ലധികം രാജ്യങ്ങളിലായി 11,000 ബാങ്കുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ പ്രധാന ബാങ്കിങ് സേവന ശൃംഖലയാണ് സ്വിഫ്റ്റ്. ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെയും സ്ഥാപനങ്ങളെയും വിലക്കുന്നതിലൂടെ റഷ്യക്ക് കനത്ത സാമ്പത്തിക ആഘാതമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആഗോള തലത്തിൽ റഷ്യയുടെ എണ്ണ, വാതക കയറ്റുമതിയേയും വിലക്ക് കാര്യമായി ബാധിക്കും.
റഷ്യൻ കമ്പനികളുടെയും വ്യക്തികളുടെയും വിദേശ ആസ്തികൾ മരവിപ്പിക്കാനുള്ള സംയുക്ത നടപടികൾക്ക് തുടക്കം കുറിച്ചതായി യു.എസ്, ഫ്രാൻസ്, ജർമനി, ഇറ്റലി, യു.കെ, കാനഡ എന്നീ രാജ്യങ്ങളും യൂറോപ്യൻ കമീഷനും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
റഷ്യയിലെ സമ്പന്നർക്ക് മറ്റ് രാജ്യങ്ങളിൽ പൗരത്വം ലഭിക്കുന്ന ഗോൾഡൻ വിസ നിയന്ത്രിക്കാനും നടപടി തുടങ്ങി. റഷ്യയിലെ ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കും സഖ്യ രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തുകയും ഇവർക്കെതിരെ സാമ്പത്തിക നടപടികൾ സ്വീകരിക്കുകയും ചെയ്യും. മറ്റ് രാജ്യങ്ങളുമായി ചേർന്ന് റഷ്യൻ ജനതയുടെ അനധികൃത സ്വത്ത് സമ്പാദനം തടയും. ആഗോള സമ്പത്തിന്റെ പകുതിയിലധികം കൈകാര്യം ചെയ്യുന്ന 30 ലധികം രാജ്യങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തുന്നതിൽ നിന്ന് റഷ്യയെ വിലക്കും. സ്വിഫ്റ്റിൽ നിന്ന് റഷ്യയെ വിലക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെള്ളിയാഴ്ച തന്നെ അംഗരാജ്യങ്ങൾക്ക് നിർദേശം നൽകിയിരുന്നു. യുക്രെയ്ൻ ആക്രമണത്തിൽ നിന്ന് പിന്മാറാൻ റഷ്യ തയാറായിട്ടില്ലെങ്കിലും വരും ദിവസങ്ങളും ഉപരോധ നടപടികൾ ശക്തമാക്കുമെന്ന് വൈറ്റ് ഹൗസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.