കിയവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം നിർണായക ഘട്ടത്തിലെത്തിനിൽക്കെ ലോകരാഷ്ട്രങ്ങൾക്കിടയിൽ പിന്തുണ തേടി രാജ്യത്തലവന്മാർ. തുടക്കത്തിലെ റഷ്യൻ മേധാവിത്വത്തിന് ഇളക്കം തട്ടി യുക്രെയ്നും തിരിച്ചടിച്ചു തുടങ്ങിയതോടെ മേഖലയിൽ സമവാക്യങ്ങൾ മാറിമറിയാനുള്ള സാധ്യത തെളിയുകയാണ്. ഇതോടെ ഇരുരാജ്യത്തലവന്മാരും ലോകരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണ്. ഉസ്ബെകിസ്താനിലെ സമർക്കന്തിൽ തുടങ്ങിയ ഷാങ്ഹായി സഹകരണ സംഘടന ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി സഹകരണം തേടിയിട്ടുണ്ട് പുടിൻ.
യുക്രെയ്ന് പിന്തുണ നൽകുന്നതിൽ പടിഞ്ഞാറൻ രാജ്യങ്ങൾ മുമ്പന്തിയിലാണെന്നിരിക്കെ റഷ്യ-ചൈന സഹകരണം ഗുണം ചെയ്യുമെന്നാണ് പുടിന്റെ വിലയിരുത്തൽ. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയാവട്ടെ യൂറോപ്യൻ യൂനിയന്റെ പിന്തുണ ഒന്നുകൂടി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയനുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
യുക്രെയ്ൻ അണക്കെട്ടുകൾ തകർത്ത് റഷ്യ
കിയവ്: പിടിച്ചെടുത്ത പല പ്രദേശങ്ങളും നഷ്ടമായി തുടങ്ങിയതോടെ യുക്രെയ്നിൽ ആക്രമണം കനപ്പിച്ച് റഷ്യ. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ജന്മസ്ഥലത്തിനടുത്തുള്ള ക്രൈവി റിഹിലെ രണ്ടു അണക്കെട്ടുകൾ റഷ്യ മിസൈലാക്രമണത്തിൽ തകർത്തു. ഏഴു മിസൈലുകളാണ് അണക്കെട്ടുകളിൽ പതിച്ചത്. ഇതേ തുടർന്ന് മേഖലയിൽ വെള്ളപ്പൊക്കമുണ്ടായതായും 100 ഓളം വീടുകൾ മുങ്ങിയതായും ക്രൈവി റിഹി മേയർ ഒലക്സാണ്ടർ വിൽകുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.