കിയവ്: യുക്രെയ്നിലെ അധിനിവേശത്തിനിടെ 97 കുട്ടികൾ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. യുക്രെയ്നിലെ സ്മാരക സമുച്ചയങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, വീടുകൾ എന്നിവ റഷ്യന്‍ സൈന്യം നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. കനേഡിയൻ പാർലമെന്റ് സമ്മേളനത്തിൽ അധിനിവേശത്തെ സംബന്ധിച്ച് വിഡിയോ കോൺഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിക്കുവേണ്ടിയാണ് യുക്രെയ്ന്‍ പോരാടുന്നതെന്നും ഈ പോരാട്ടത്തിൽ ഞങ്ങളെ പിന്തുണച്ച് കൂടെ നിൽക്കാനാണ് മറ്റു രാജ്യങ്ങളോട് ആവശ്യപ്പെടുന്നതെന്നും സെലൻസ്കി പറഞ്ഞു. എല്ലാവരുടെയും കൂട്ടായ പിന്തുണ മാത്രമാണ് ഈയവസരത്തിൽ തങ്ങൾക്ക് വേണ്ടത്. യുക്രെയ്ന് ഒരിക്കലും നാറ്റോയിൽ അംഗമാകാന്‍ കഴിയില്ലെന്ന് ഈ അധിനിവേശത്തിലൂടെ തെളിയിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, റഷ്യക്കെതിരെ പോരാടാനാവശ്യമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ യുക്രെയ്‌ന് നൽകുന്നതിനെക്കുറിച്ച് വിലയിരുത്തുന്നത് തുടരുമെന്ന് അമേരിക്ക പറഞ്ഞതായി നാറ്റോയുടെ പ്രതിനിധി ജൂലിയാൻ സ്മിത്തിനെ ഉദ്ധരിച്ച് സ്പുട്‌നിക് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. യുക്രെയ്ന് മുകളിൽ വിമാന നിരോധനം ഏർപ്പെടുത്തണമെന്ന് തിങ്കളാഴ്ച സെലന്‍സ്കി ആവശ്യപ്പെട്ടിരുന്നു. നേരത്തെ നാറ്റോ അംഗമായ പോളണ്ടിന്റെ അതിർത്തിക്കടുത്തുള്ള സൈനിക പരിശീലന ഗ്രൗണ്ടിൽ റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു. ഈ സംഭവത്തെ ഉദ്ധരിച്ച് വ്യോമ നിരോധനം നടപ്പിലാക്കാത്ത പക്ഷം നാറ്റോ അംഗരാജ്യങ്ങളെ റഷ്യ ആക്രമിക്കുന്നത് കാണേണ്ടി വരുമെന്ന് സെലൻസ്കി മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.